lifemission

ന്യൂഡൽഹി: ലൈഫ് ഭവനപദ്ധതിക്ക് അനുമതിതേടിയിട്ടില്ലെന്ന് കേന്ദ്രം. പദ്ധതിക്ക് യു എ ഇ സഹകരണം തേടിയിട്ടില്ലെന്ന കാര്യം വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപാണ് അറിയിച്ചത്. യു എ ഇ ഉദ്യോഗസ്ഥരെ വിട്ടുതരാൻ ഇന്ത്യക്ക് അവകാശപ്പെടാൻ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശകാര്യ സ്ഥിരംസമിതിയോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തു. എൻ.കെ പ്രേമചന്ദ്രനും അൽഫോൺസ് കണ്ണന്താനവുമാണ് വിഷയം സമിതിയിൽ ഉന്നയിച്ചത്.

അതേസമയം വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് മിഷൻ ഫ്ലാറ്റിന് മുനിസിപ്പാലിറ്റിയുടെ നിർമാണാനുമതിയില്ലെന്ന് വ്യക്തമായി. ആദ്യ പ്ളാൻ തയ്യാറാക്കിയ ഹാബിറ്റാറ്റിന് ലഭിച്ച നിർമാണ അനുമതി ഉപയോഗിച്ചാണ് പുതിയ കരാറുകാരായ യൂണിടാക് നിർമാണം നടത്തുന്നതെന്നാണ് റിപ്പോർട്ട്. നിർമ്മാണം പൂർത്തിയായശേഷം അനുമതി തേടാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നേരത്തേയുളള പ്ളാനിൽ നിന്ന് വ്യത്യസ്തമായി പുതിയ പ്ളാനിൽ ആശുപത്രി കൂടി ഉൾപ്പെട്ടതിനാൽ അനുമതി നിർബന്ധമായും വേണമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്.