psc-exams

മലപ്പുറം: പി.എസ്.സി പരീക്ഷ കേന്ദ്രങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് കൃത്യമായ സമയം കൃത്യമായ ഇടവേളകളിൽ പറഞ്ഞുകൊടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശം. പി. എസ്.സി പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളിൽ ക്ലോക്ക് ഘടിപ്പിക്കാൻ കഴിയില്ലെന്ന് പി.എസ്.സി അറിയിച്ച സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ നടപടി. പി.എസ്.സി സെക്രട്ടറിക്കാണ് കമ്മിഷൻ അംഗം വി.കെ ബീനാകുമാരി നിർദേശം നൽകിയത്.


പരീക്ഷാ കേന്ദ്രങ്ങളിൽ ക്ലോക്ക് സ്ഥാപിക്കണമെങ്കിൽ ഭീമമായ തുക ചെലവാകുമെന്നതിനാൽ പ്രായോഗികമല്ലെന്നും നിലവിൽ പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ ആരംഭിച്ച് ഓരോ അര മണിക്കൂറിലും ബെൽ മുഴക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്നുമായിരുന്നു നേരത്തെ പി.എസ്.സി മനുഷ്യാവകാശ കമ്മിഷന് നൽകിയ റിപ്പോർട്ട്. സമയ ക്രമീകരണം സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് ആശയ കുഴപ്പമുണ്ടാകാനുള്ള സാഹചര്യം നിലവിലില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മങ്കട സ്വദേശി മുഹമ്മദ് ഫാറൂഖ് സബാഹുദീൻ സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷൻ നടപടി സ്വീകരിച്ചത്.