virat-anushka

ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി വിരുഷ്‌ക താരജോഡി. തങ്ങളുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ കൂടി വരികയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് വിരാടും അനുഷ്‌കയും. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് വിരാടും അനുഷ്‌കയും കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പങ്കുവച്ചത്.

2021 ജനുവരിയില്‍ ആളിങ്ങെത്തുമെന്നും ദമ്പതികള്‍ പോസ്റ്റിലൂടെ അറിയിച്ചു. അനുഷ്‌കയുടെ ബേബി ബമ്പ് കാണിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. വാര്‍ത്ത പുറത്തു വന്നതും ആരാധകരും സിനിമാ ലോകവുമെല്ലാം ആശംസകളുമായി എത്തിയിരിക്കുകയാണ്. താരങ്ങളായ ആലിയ ഭട്ട്, പ്രിയങ്കാ ചോപ്ര, താപ്‌സി പന്നു, സമാന്ത, വരുണ്‍ ധവാന്‍, പരിനീതി ചോപ്ര തുടങ്ങിയവരും കായിക താരങ്ങളായ കെഎല്‍ രാഹുല്‍, സാനിയ മിര്‍സ തുടങ്ങിയവരും ആശംസകളുമായി എത്തിയിട്ടുണ്ട്.

ഇരുവരും പോസ്റ്റ് ചെയ്ത ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. 2017 ഡിസംബറില്‍ ഇറ്റലിയില്‍ വച്ചായിരുന്നു അനുഷ്‌കയുടേയും കോഹ്ലിയുടേയും വിവാഹം. സമീപകാലത്തെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നാണ് വിരുഷ്‌കയുടേത്. രണ്ട് വര്‍ഷമായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് അനുഷ്‌ക. 2018 ല്‍ പുറത്തിറങ്ങിയ സീറോയാണ് അവസാന ചിത്രം.

ഇതിനിടെ നിര്‍മ്മാണ രംഗത്ത് സജീവമായി മാറിയ അനുഷ്‌ക നിര്‍മ്മിച്ച പാതാള്‍ ലോക്, ബുള്‍ബുള്‍ എന്നീ പരിപാടികൾ പ്രശംസ നേടിയിരുന്നു. പാതാള്‍ ലോക് ആമസോണ്‍ പ്രൈമിലും ബുള്‍ബുള്‍ നെറ്റ്ഫ്‌ലിക്‌സിലുമാണ് റിലീസ് ചെയ്തത്.