oubache-blasters

തിരുവനന്തപുരം : കഴിഞ്ഞ സീസണിൽ കേരള ബ്ളാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന നൈജീരിയൻ സ്ട്രൈക്കർ ബാർത്തലോമിയോ ഒഗുബച്ചെ മഞ്ഞപ്പടയെ വിട്ട് മുംബയ് സിറ്റി എഫ്.സിയിലേക്ക് ചേക്കേറിയതായി റിപ്പോർട്ടുകൾ. ബ്ളാസ്റ്റേഴ്സ് ഉടമകൾക്കും സഹതാരങ്ങൾക്കും താൻ ക്ളബ് വി‌ടുന്നതായുള്ള സന്ദേശം ഒഗുബച്ചെ കൈമാറിയതായാണ് അറിയുന്നത്.

കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നാണ് ഒഗുബച്ചെ ബ്ളാസ്റ്റേഴ്സിലെത്തിയിരുന്നത്. 16 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ ഈ 35കാരൻ 15ഗോളുകൾ അടിച്ചുകൂട്ടി. ടീം ആകെ നേടിയത് 29 ഗോളുകൾ മാത്രമായിരുന്നു. ടീമിന്റെ പകുതിയിലേറെ ഗോളുകൾ നേടിയിട്ടും ഈ പ്രതിഭയെ ക്ളബ് വിടാൻ പ്രേരിപ്പിച്ച ഘടകം സാമ്പത്തികമാണെന്ന് റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ സീസണിന് ഒടുവിൽ കൊവിഡ് സാഹചര്യത്തിൽ കളക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ച താരം മറ്റ് ക്ളബുകളുമായി ചർച്ച തുടങ്ങിരുന്നു.

കഴിഞ്ഞ സീസണിൽ ഈൽക്കോ ഷാട്ടോരിയുടെ കൂടെയാണ് ഒഗുബച്ചെ നോർത്ത് ഈസ്റ്റിൽ നിന്ന് ബ്ളാസ്റ്റേഴ്സിലെത്തിയത്. മോശം പ്രകടനത്തെത്തുടർന്ന് ഷാറ്റോറി​യെ സീസണി​നൊടുവി​ൽ പറഞ്ഞുവി​ട്ട് കി​ബു വി​കുനയെ ബ്ളാസ്റ്റേഴ്സ് കോച്ചായി​ നി​ശ്ചയി​ച്ചി​രുന്നു.കഴി​ഞ്ഞ സീസണി​നി​ടെ മാനേജ്മെന്റുമായി​ അഭി​പ്രായവ്യത്യാസം വന്നതി​നെത്തുടർന്ന് എഫ്.സി​ ഗോവയി​ൽ നി​ന്ന് പുറത്തുപോയ സെർജി​ ലൊബേറൊണ് ഇപ്പോൾ മുംബയ് എഫ്.സി​ കോച്ച്. ലൊബേറയുടെ താത്പര്യപ്രകാരമാണ് ഒഗുബച്ചയുമായി​ ക്ളബ് ചർച്ച നടത്തി​യത്.

35 വയസായെങ്കിലും ഒഗുബച്ചെയെ സ്വന്തമാക്കാൻ പല ക്ളബുകളും രംഗത്തുണ്ടായിരുന്നു. രണ്ട് സീസണിൽ മാത്രമേ ഐ.എസ്.എല്ലിൽ കളിച്ചിട്ടുള്ളൂവെങ്കിലും ഇതിനകം 27 ഗോളുകൾ ഈ നൈജീരിയക്കാരൻ നേടിക്കഴിഞ്ഞു. മികച്ച സ്ട്രൈക്കറെ തിരഞ്ഞു നടന്ന മുംബയ് സിറ്റി എന്ത് പ്രതിഫലമാണ് ഒഗുബച്ചെയ്ക്ക് വാഗ്ദാനം ചെയ്തതെന്ന് പുറത്തുവിട്ടിട്ടില്ല.

2001ൽ ഇപ്പോഴത്തെ ചാമ്പ്യൻസ് ലീഗ് റണ്ണർഅപ്പുകളായ പാരീസ് എസ്.ജിയിലൂടെ പ്രൊഫഷണൽ കരിയർ തുടങ്ങിയ താരമാണ് ഒഗുബച്ചെ.2005 അവിടെനിന്ന് വിട്ട് അർജസീറ, അലാവേസ് ,വയ്യഡോളിഡ്, മിഡിൽസ്ബറോ തുടങ്ങിയ ക്ളബുകളിൽ കളിച്ചു. ഡച്ച് ക്ളബ് വില്ലേമിൽ നിന്നാണ് 2018 സീസണിൽ നോർത്ത് ഈസ്റ്റിലേക്ക് വരുന്നത്. 2002-04 കാലയളവിൽ നൈജീരിയൻ ദേശീയ ടീമിനായി 11 മത്സരങ്ങൾ കളിച്ചു. മൂന്ന് ഗോളുകൾ നേടി.