kapil-sibal

ന്യൂഡൽഹി: സ്ഥിരം അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് സാധിക്കാതെ വിഷമവൃത്തത്തിലായിരിക്കുന്ന കോൺഗ്രസ് പാർട്ടിയെ കൂടുതൽ വിഷമത്തിലാക്കുന്ന ഒന്നായിരുന്നു പ്രവർത്തക സമിതിയ്‌ക്ക് മുൻപ് പുറത്ത് വന്ന കത്ത് വിവാദം. മുതിർന്ന 23 നേതാക്കൾ ഒപ്പിട്ട് താൽകാലിക അദ്ധ്യക്ഷയ്ക്ക് സമർപ്പിച്ച വിവരങ്ങൾ സോണിയാ ഗാന്ധിക്ക് വേദനയുളവാക്കി എന്നതും തുടർന്ന് രാഹുൽ ഗാന്ധിയും മുതിർന്ന നേതാക്കളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾക്കും ഇത് കാരണമായി.

കത്ത് പുറത്ത് വരാൻ കാരണം ഒപ്പിട്ടവരിലൊരാളായ ഉത്തർപ്രദേശിലെ ദൗരാഹര എം.പി ജിതിൻ പ്രസാദ ആണെന്ന പേരിൽ ഉത്തർപ്രദേശ് കോൺഗ്രസിൽ കലഹമുണ്ടാകുകയും പ്രദേശത്തെ ജില്ല യൂണി‌റ്റ് പ്രസാദയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് പ്രമേയം പാസാക്കുകയും ചെയ്‌തു. ഈ സംഭവത്തിന് എതിരായി ജിതിൻ പ്രസാദക്കൊപ്പം കത്തിൽ ഒപ്പിട്ടയാളുമായ കപിൽ സിബൽ രംഗത്തെത്തി. ജില്ല യൂണി‌റ്റ് പ്രമേയം പാസാക്കിയതിൽ നീരസവും അതൃപ്‌തിയും രേഖപ്പെടുത്തി അദ്ദേഹം.

ബിജെപിക്കെതിരെ സർജിക്കൽ സ്‌ട്രൈക്ക് നടത്തൂ. സ്വയം കലഹിച്ച് ഊർജം നശിപ്പിക്കരുത്. അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു. കത്തിൽ ഒപ്പിട്ട മ‌‌റ്റൊരു മുതിർന്ന നേതാവായ മനീഷ് തിവാരിയും സംഭവത്തെ സൂചിപ്പിക്കുന്ന രീതിയിലുള‌ള പോസ്‌റ്റ് ട്വി‌റ്ററിലിട്ടു.

ഉത്തർപ്രദേശിലെ ലഘിംപൂർ ഖേരി കോൺഗ്രസ് ജില്ല കമ്മി‌റ്റിയാണ് അടിയന്തിര യോഗം കൂടി ജിതിൻ പ്രസാദ ഉൾപ്പടെ കത്തെഴുതിയവരെ പുറത്താക്കാൻ പ്രമേയം പാസാക്കിയത്. ശേഷം പ്രമേയം കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് അയച്ചുകൊടുക്കുകയും ചെയ്‌തു. പ്രമേയത്തിൽ നെഹ്രു കുടുംബത്തിന് പൂർണ പിൻതുണ നൽകുകയും ചെയ്‌തു. ജിതിൻ പ്രസാദയുടെ പിതാവ് മുൻപ് സോണിയാ ഗാന്ധിക്കെതിരെ മത്സരിച്ചയാളാണെന്നും പ്രമേയത്തിൽ കു‌റ്റപ്പെടുത്തുന്നുണ്ട്.