വാഷിംഗ്ടൺ: കൗമാരക്കാരികളായ രണ്ട് സുഹൃത്തുക്കൾക്ക് തോന്നിയ കൗതുകം. അതായിരുന്നു ഒരു കുപ്പിയിലടച്ച ഭൂതത്തെപ്പോലെ കഴിഞ്ഞ 35 വർഷമായി ഡെല്ലാവെയറിലെ ബ്രോഡ്കിൽ നദിയലൂടെ ഒഴുകി നടന്നത്. 1985 ഓഗസ്റ്റ് 1ന് സുഹൃത്തുക്കളും ബന്ധുക്കളുമായ കാത്തി റിഡ്ഡിലും സ്റ്റെസി വെൽസും ചേർന്ന് ഒരു കുറിപ്പെഴുതി കുപ്പിയിലടച്ച് നദിയിലേക്ക് എറിഞ്ഞു. എത്ര വർഷത്തിന് ശേഷം അത് തിരികെ തങ്ങൾക്ക് ലഭിക്കുകയെന്നറിയാനുള്ള കൗതുകത്തിലാണത് ചെയ്തത്. 35വർഷത്തിന് ശേഷം കയാക്കിംഗിനെത്തിയ ഡെല്ലാവെയർ സ്വദേശി ബ്രാഡ് വാച്ച്സ്‌മത്തിന് ആ കുപ്പി കിട്ടി. കൗതുകം കൊണ്ട് തുറന്നു നോക്കിയപ്പോൾ കുറിപ്പു കണ്ടെത്തി.
'നിന്റെ നീണ്ട യാത്ര അവസാനിപ്പിച്ച് ഞങ്ങളിലേക്ക് എത്തൂ" എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. പേര് വ്യക്തമായതോടെ, സാമൂഹ്യമാദ്ധ്യമങ്ങൾ വഴി കുപ്പി കുറിപ്പെഴുതിയവരിൽ ഒരാളായ കാത്തിയെ കണ്ടെത്തി. കത്തും കൈമാറി. ഇത്രയും വർഷത്തിനു ശേഷം കുറിപ്പ് തിരികെ കിട്ടിയതിന്റെ അത്ഭുതത്തിലായിരുന്നു കാത്തി. വിവരം അപ്പോൾത്തന്നെ സ്റ്റെസിയെ അറിയിക്കുകയും ചെയ്തു. ഇരുവരും വിവാഹം കഴിഞ്ഞ് വെവ്വേറെ ഇടങ്ങളിൽ താമസിക്കുകയാണ്. കൊറോണ മഹാമാരി കാരണം ഒന്നിച്ച് കാണാൻ ഇനിയും സമയമെടുക്കും. തങ്ങളുടെ കുറിപ്പ് പങ്കുവയ്ക്കാൻ കാത്തിരിക്കുകയാണ് കാത്തി.