ടൊറന്റോ : കാണുന്നതെന്തും വേണമെന്ന് പറഞ്ഞ് വാശി പിടിക്കുന്നത് കൊച്ചുകുട്ടികളുടെ സ്വഭാവമാണ്. എന്നാൽ എന്തിനാണ് അതൊക്കെ എന്ന് ചോദിച്ചാൽ അവർക്ക് തന്നെ അറിയില്ല. പക്ഷേ, കിട്ടിയേ മതിയാകൂ എന്ന വാശിയായിരിക്കും. വേറിട്ട രീതിയിൽ തനിക്ക് ഒരു പൂച്ചക്കുട്ടിയെ വേണമെന്ന ആവശ്യമായി തന്റെ മാതാപിതാക്കളെ സമീപിച്ചിരിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.
കാനഡയിലെ ടൊറന്റോ സ്വദേശിയായ ക്രിസ്റ്റഫർ ഡോയ്‌ൽ ആണ് അദ്ദേഹത്തിന്റ മകൾ തനിക്ക് ഒരു പൂച്ചയെ വേണമെന്നും എന്തുകൊണ്ടാണ് താൻ അങ്ങനെയൊരു ആവശ്യം മുന്നോട്ട് വയ്ക്കുന്നതെന്നും ചൂണ്ടിക്കാട്ടി തയാറാക്കിയ പവർ പോയിന്റ് പ്രസന്റേഷന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്ക് വച്ചിരിക്കുന്നത്.
ഒരു വളർത്തുമൃഗം ഉണ്ടാകുന്നത് മാനസിക സമ്മർദ്ദം കുറച്ച് സന്തോഷത്തോടെയിരിക്കാൻ സഹായിക്കുമെന്ന് കുട്ടി തയാറാക്കിയ പ്രസന്റേഷനിൽ പറയുന്നു. ' പൂച്ചയുടെ ഗുണങ്ങൾ ' എന്നൊരു സ്ലൈഡും കുട്ടി തന്റെ പ്രസന്റേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിവസവും പുറത്ത് നടക്കാൻ കൊണ്ടു പോകേണ്ട എന്നത് പൂച്ചയുടെ ഗുണമായി കുട്ടി ചൂണ്ടിക്കാട്ടുന്നു. പൂച്ചയുടെ എല്ലാ കാര്യങ്ങളും താൻ നോക്കുമെന്നും വീട് വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുമെന്നും കുട്ടി പറയുന്നു.
Our daughter made a PowerPoint. 🐱 😂 pic.twitter.com/yCOG7QHXmX
— Christopher Doyle (@chrisdoyle) August 25, 2020
കഴിഞ്ഞ അഞ്ച് വർഷമായി താൻ പൂച്ചകളെ പറ്റി ഗവേഷണത്തിലായിരുന്നെന്നും പൂച്ചയെ കിട്ടിക്കഴിഞ്ഞാൽ തന്റെ ചുമതലകളിൽ നിന്നും ഒഴിഞ്ഞു മാറില്ലെന്നും കുട്ടി ഓർമപ്പെടുത്തി. അഞ്ച് വർഷം മുമ്പ് തനിക്ക് വളർത്താൻ ഒരു ഹാംസ്‌റ്ററിനെ വാങ്ങി തരാമെന്ന് അച്ഛൻ പറഞ്ഞെങ്കിലും വാക്ക് പാലിച്ചില്ലെന്ന് കുട്ടി പ്രസന്റേഷനിൽ രേഖപ്പെടുത്തിയിരിക്കുന്നു. മകൾ അത് ഇതുവരെ മറന്നില്ലേ എന്നാണ് ക്രിസ്റ്റഫർ ഡോയ്‌ൽ അത്ഭുതപ്പെടുന്നത്.
തന്റെ ഭാര്യയ്ക്ക് അലർജി ഉണ്ടായതിനാലാണ് പൂച്ചയെ വീട്ടിലേക്ക് വാങ്ങാൻ മടിക്കുന്നതെന്ന് ഡോയ്‌ൽ പറയുന്നു. കരിമ്പൂച്ചയെ ആണത്രെ ഡോയ്‌ലിന്റെ മകൾക്ക് ദത്തെടുക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹം. അന്ധവിശ്വാസവും പ്രേതക്കഥകളും കാരണം പലരും പാവം കരിമ്പൂച്ചയെ മാറ്റിനിറുത്തുകയാണ് പതിവ്. അതുകൊണ്ടാണത്രെ തന്റെ മകൾക്ക് കരിമ്പൂച്ചയെ ഇഷ്ടപ്പെടാനുള്ള കാരണമെന്ന് ഡോയ്‌ൽ പറയുന്നു. ഏതായാലും മകളുടെ ആഗ്രഹം ട്വിറ്ററിലൂടെ ഡോയ‌്‌ൽ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് നിർദ്ദേശങ്ങളുമായി എത്തിയിരിക്കുന്നത്. കുട്ടിയ്ക്ക് പൂച്ചയെ വാങ്ങി നൽകണമെന്ന് പറയുന്നവർ അലർജി ഉണ്ടാക്കാത്ത തരത്തിലുള്ള വ്യത്യസ്ഥ ബ്രീഡുകളെയും പരിചയപ്പെടുത്തുന്നു.