mulappalli-chennithala-oo

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സര രംഗത്തിറങ്ങുമെന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർക്കൊപ്പം മുല്ലപ്പള്ളിയും മത്സര രംഗത്ത് ഇറങ്ങുന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ മത്സരത്തിനാവും കോൺഗ്രസും യു.ഡി.എഫും കളമൊരുക്കുക. മുല്ലപ്പള്ളി മത്സരിക്കുന്നതിനെക്കുറിച്ച് സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും സാദ്ധ്യത കൂടുതലാണെന്നുതന്നെയാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കഴി‌ഞ്ഞ ശേഷമേ കോൺഗ്രസിൽ നിന്ന് ആരൊക്കെ മത്സരിക്കണം എന്നതടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങൂ എന്നും നേതാക്കൾ പറയുന്നു.

ഹൈക്കമാൻഡ് വരെ സമ്മർദ്ദം ചെലുത്തിയിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മുല്ലപ്പള്ളി മാറി നിന്നു. പാർലമെന്ററി രംഗത്ത് അദ്ദേഹം ഏറിയ കാലവും ചെലവഴിച്ചത് ഡൽഹി കേന്ദ്രീകരിച്ചാണ്. കെ.പി.സി.സി അദ്ധ്യക്ഷനെന്ന നിലയിൽ ഇപ്പോൾ കേരളത്തിൽ പ്രവർത്തിക്കുന്നതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടിവന്നാൽ അദ്ദേഹം തയാറാകുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മലബാറിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്നാകും മുല്ലപ്പള്ളി നിയമസഭയിലേക്ക് ജനവിധി തേടുകയെന്നാണ് വിവരം. വടകര, കൽപ്പറ്റ മണ്ഡലങ്ങൾക്കാവും മുൻഗണന എന്നും സൂചനയുണ്ട്.

യു.ഡി.എഫ് വിട്ട ലോക്‌ താന്ത്രിക് ജനതാദളിന്റെ സീറ്റായിരുന്നു കൽപ്പറ്റ. അവർ പോയ സാഹചര്യത്തിൽ കൽപ്പറ്റ മണ്ഡലം വിട്ടുകിട്ടണം എന്ന ആവശ്യം മുസ്ലിം ലീഗ് ഉന്നയിച്ചിട്ടുണ്ട്. വടകരയിൽ ആർ.എം.പിയുമായി സഹകരിച്ച് കെ.കെ രമയെ യു.ഡി.എഫ് പിന്തുണയോടെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ നീക്കമുണ്ട്. ഇക്കാര്യം കഴിഞ്ഞദിവസം 'ഫ്ലാഷ്' റിപ്പോർട്ട് ചെയ്‌തിരുന്നു. രണ്ട് സീറ്റും വിട്ടുകോടുക്കേണ്ട സാഹചര്യമുണ്ടായാൽ മുല്ലപ്പള്ളി കൊയിലാണ്ടിയിൽ നിന്നാകും മത്സരിക്കുക. കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലേക്ക് എന്നത് പോലെ തന്നെ ഹൈക്കമാൻഡ് പിന്തുണ തന്നെയാണ് നിയമസഭയിലേക്ക് മത്സരിക്കാനും മുല്ലപ്പള്ളി തയ്യാറെടുക്കുന്നതിന് പ്രധാനകാരണം. മുല്ലപ്പള്ളിയെ മലബാറിൽ സ്ഥാനാർത്ഥിയാക്കുക വഴി സമുദായ സമവാക്യങ്ങൾ കൃത്യമായി പാലിക്കാനാകുമെന്നും ഹൈക്കമാൻഡ് കണക്കുകൂട്ടുന്നു.

അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ മത്സരിക്കുമ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന ചോദ്യം സ്വാഭാവികമായും ഉയർന്നുവരും. എന്നാൽ, തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിനാണ് പ്രാധാന്യമെന്നും അത്തരം കാര്യങ്ങളൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കും എന്നുമാണ് നേതാക്കൾ പറയുന്നത്. മാത്രമല്ല, തിരഞ്ഞെടുപ്പിന് ഇനിയും എട്ട് മാസം ഉണ്ടെന്നിരിക്കെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങൾ ഉണ്ടാകരുതെന്ന് മുതിർന്ന നേതാവ് എ.കെ ആന്റണി സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. പരമാവധി സീറ്റുകളിൽ വിജയിക്കുക എന്നതിനാകും പാർട്ടി ഊന്നൽ നൽകുക. അതേസമയം, വിജയ സാദ്ധ്യതയുള്ള സീറ്റുകളിൽ കൂടുതൽ സ്ഥാനാർത്ഥി മോഹികൾ എത്താനുള്ള സാദ്ധ്യതയുണ്ട്. ഗ്രൂപ്പുകളിലും ഇത്തരം അഭിപ്രായം ഉയർന്നേക്കാം. എന്തായാലും മുതിർന്ന നേതാക്കൾക്കൊപ്പം യുവാക്കൾക്കും പ്രാതിനിധ്യം ഉറപ്പാക്കുന്ന സ്ഥാനാർത്ഥി നിർണയമാവും ഇക്കുറി ഉണ്ടാവുകയെന്നും നേതാക്കൾ സൂചിപ്പിക്കുന്നു.