honda

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ആദ്യമായി 180-200 സി.സി ശ്രേണിയിൽ ഒരുക്കിയ ഹോണെറ്റ് 2.0 വിപണിയിലെത്തി. ഹോണ്ടയുടെ വെബ്‌സൈറ്റിലും ഡീലർഷിപ്പുകളിലും ബുക്കിംഗ് ആരംഭിച്ച ബൈക്കിന്റെ ഗുഡ്‌ഗാവ് എക്‌സ്ഷോറൂം വില 1.26 ലക്ഷം രൂപ. വിതരണം അടുത്തയാഴ്‌ച മുതൽ.

ശ്രേണിയിൽ ആദ്യമായി ഒട്ടേറെ പുത്തൻ ഫീച്ചറുകൾ, റേസിംഗ് ഡി.എൻ.എയോടെ സജ്ജമാക്കിയ ഹോണെറ്റ് 2.0യിലുണ്ട്. സ്‌റ്റൈലിഷ് രൂപകല്‌പന, ഓൾ എൽ.ഇ.ഡി ലൈറ്റിംഗ്, സ്‌പ്ളിറ്റ് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് സ്‌ക്രീൻ, ഇന്ധനടാങ്കിനോട് ചേർന്നുള്ള കീ, ഡിസ്ക് ബ്രേക്ക്, എ.ബി.എസ്., ഗോൾഡ് യു.എസ്.ഡി ഫ്രണ്ട് ഫോർക്ക് എന്നിങ്ങനെ ആകർഷണങ്ങൾ ധാരാളം.

കറുപ്പ്, ചുവപ്പ്, ഗ്രേ, നീല നിറഭേദങ്ങളുണ്ട്. 184 സി.സി പി.ജി.എം-എഫ്.ഐ എച്ച്.ഇ.ടി എൻജിനാണുള്ളത്. 6-വർഷ വാറന്റി പാക്കേജുൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഹോണെറ്റ് 2.0യ്ക്ക് ലഭ്യമാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ അറ്റ്സുഷി ഒഗറ്റ, ഡയറക്‌ടർ (മാർക്കറ്രിംഗ് ആൻഡ് സെയിൽസ്) യദ്വിന്ദർ സിംഗ് ഗുലേറിയ എന്നിവർ പറഞ്ഞു.