മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന നടി റിയാ ചക്രവർത്തി ജീവന് ഭീഷണിയുണ്ടെന്ന ആരോപണവുമായി രംഗത്ത്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് റിയ ഇക്കാര്യം ഉന്നയിക്കുന്നത്. തന്റെ അച്ഛനെ വളയുന്ന മാദ്ധ്യമപ്രവർത്തകരെ കാണിക്കുന്ന വീഡിയോയ്ക്ക് ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. ഇത് എന്റെ വീടിന്റെ കോമ്പൗണ്ടിനുള്ളിൽ നിന്നുള്ള ദൃശ്യമാണ്. ആ മനുഷ്യൻ എന്റെ അച്ഛൻ ഇന്ദ്രജിത്ത് ചക്രവർത്തിയാണ്. വിവിധ അന്വേഷണ ഏജൻസികളുമായി സഹകരിക്കാൻ ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുകയാണ്. എന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ട്. ഞങ്ങൾ ലോക്കൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചെങ്കിലും ഒരു സഹായവും ലഭിച്ചില്ല. തുടർന്ന് ഈ വിവരം അന്വേഷണ അധികാരികളെ അറിയിച്ചു. അവരിൽ നിന്നും ഇതുവരെ ഒരു സഹായവും ലഭിച്ചില്ല. അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നതിനുള്ള സംരക്ഷണമാണ് ഞങ്ങൾ മുംബയ് പൊലീസിനോട് ചോദിക്കുന്നത്. ഈ കൊവിഡ് കാലത്ത് ഒരു പൗരന് ലഭിക്കേണ്ട അടിസ്ഥാന നിയമപരിരക്ഷ ലഭിച്ചേ തീരൂ - റിയ കുറിച്ചു.
ആ ചാറ്റുകൾ സുശാന്തിനെക്കുറിച്ചായിരുന്നില്ല
സംവിധായകൻ മഹേഷ് ഭട്ടുമായി താൻ നടത്തിയ ചാറ്റുകൾ സുശാന്തിനെക്കുറിച്ചായിരുന്നില്ലെന്ന് റിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. സുശാന്തിന്റെ ഫ്ളാറ്റിൽ നിന്ന് റിയ ഇറങ്ങിപ്പോയ മാർച്ച് എട്ടിനാണ് മഹേഷുമായി നടി ചാറ്റ് ചെയ്തത്. അസ്വസ്ഥയും വിഷണ്ണയുമായിരുന്നു. അതുകൊണ്ടാണ് ചാറ്റ് ചെയ്തത്. അത് സുശാന്തിനെക്കുറിച്ചായിരുന്നില്ല. സുശാന്തിന്റെ ജീവിതം താൻ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടില്ല. പല കാര്യങ്ങളും കെട്ടിച്ചമതാണ് - റിയ പറഞ്ഞു.
റിയയാണ് കൊലപാതകിയെന്ന് സുശാന്തിന്റെ പിതാവ്
റിയ ചക്രവർത്തി സുശാന്തിന്റെ കൊലയാളിയാണെന്നും ഏറെനാളായി അവൾ തന്റെ മകന് റിയ വിഷം' നൽകുകയായിരുന്നുവെന്നും സുശാന്തിന്റെ പിതാവ് കെ.കെ.സിംഗ്. റിയയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തു ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.