afgan-flood

കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പവാൻ പ്രവിശ്യയിലെ ചാരികാറിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നൂറിലധികം പേർ മരിച്ചു. തകർന്ന വീടുകൾക്കിടയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി കുട്ടികളാണ് ചാരികാറിൽ പ്രളയത്തിൽ കൊല്ലപ്പെട്ടത്. തകർന്ന് വീണ വീടുകൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങി കിടക്കുന്നുവെന്ന് പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 500ഓളം പേർക്ക് വീടുകൾ നഷ്ടമായി.

മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പവാൻ പ്രവിശ്യ വക്താവ് വാഹിദ ഷാക്കർ പറഞ്ഞു. ദുരിതബാധിതരെ സഹായിക്കുകയെന്നത് പ്രാദേശിക ഭരണകൂടത്തിന്റെ കഴിവിനപ്പുറമാണ്. അഫ്ഗാൻ സർക്കാർ വിഷയത്തിൽ ഇടപെട്ടാൽ മാത്രമേ ദുരിതബാധിതരെ സഹായിക്കാൻ കഴിയൂ.- വാഹിദ പറഞ്ഞു.

ചാരികാറിലെ അമ്പതോളം വീടുകൾ വെള്ളപ്പൊക്കത്തിൽ നിലംപൊത്തി. നിലവിൽ എത്രപേർ മരിച്ചിട്ടുണ്ട് എന്ന് വ്യക്തമല്ല. അവശിഷ്ടങ്ങൾക്കുള്ളിൽ നിരവധിപ്പേർ കുടുങ്ങി കിടപ്പുണ്ട്. പുലർച്ചയോടെയാണ് വെള്ളപ്പൊക്കം ഉണ്ടായത്. ആളുകൾ ഉറങ്ങുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പ്രദേശവാസിയായ അഹമ്മദ് ജാൻ പറഞ്ഞു.
പവാൻ പ്രവിശ്യയിൽ ഏകദേശം മുന്നൂറോളം വീടുകൾ പ്രളയത്തെത്തുടർന്ന് നശിച്ചതായി ദുരന്തനിവാരണ സേന വക്താവ് അഹമ്മദ് തമീം അസിമി പറഞ്ഞു. ചൊവ്വാഴ്ച പ്രദേശവാസികൾക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.