മുംബയ്: ഐസ്‌ക്രീം പാക്കറ്റിന് പത്തുരൂപ അധികം ഈടാക്കിയതിന് മുംബയ് സെൻട്രലിലുളള വെജിറ്റേറിയൻ റെസ്റ്റോറന്റിന് രണ്ടുലക്ഷം രൂപ പിഴ. ആറുവർഷത്തിന് ശേഷമാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം പിഴ വിധിച്ചത്. ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 വർഷമായി പ്രവർത്തിക്കുന്ന റെസ്റ്റോറന്റിന്റെ പ്രതിദിന വരുമാനം ഏകദേശം 40,000 മുതൽ 50,000 രൂപ വരെയാണ്. അതു കൊണ്ട് തന്നെ എം.ആർ.പിയിൽ കൂടുതൽ വില ഈടാക്കി ഉറപ്പായും ലാഭം കൊയ്തിരിക്കുമെന്നും ഫോറം നിരീക്ഷിച്ചു.
പൊലീസ് സബ് ഇൻസ്‌പെക്ടർ ഭാസ്‌കർ ജാദവിന്റെ പക്കൽ നിന്നാണ് 165 രൂപ വിലയുളള ഫാമിലി പാക്ക് ഐസ്‌ക്രീമിന് 175 രൂപ വാങ്ങിയത്. 2015ൽ സൗത്ത് മുംബയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന് പരാതി നൽകി.
ജാദവ് റെസ്‌റ്റോറന്റിനകത്തേക്ക് പ്രവേശിക്കാതെ കൗണ്ടറിൽ നിന്നാണ് ഐസ്‌ക്രീം വാങ്ങിയത്. ബില്ലും ഇദ്ദേഹം ഹാജരാക്കിയിരുന്നു. കടയും റെസ്റ്റോറന്റും തമ്മിൽ വ്യത്യാസമുണ്ടെന്ന വാദം റെസ്‌റ്റോറന്റ് ഉയർത്തിയെങ്കിലും ഫോറം അത് തള്ളി. റെസ്റ്റോറന്റ് സേവനങ്ങൾ ഒന്നും ആവശ്യപ്പെടാത്ത ഉപഭോക്താവിൽ നിന്ന് അധിക തുക ഈടാക്കുന്നത് ന്യായീകരിക്കാനാവില്ലെന്നായിരുന്നു ഫോറത്തിന്റെ നിരീക്ഷണം.