covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 2175 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇവരിൽ 193 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് കൊവിഡ് ബാധിച്ച് 10 പേർ മരണടഞ്ഞു. ഇന്ന് 2067 പേ‌ർ രോഗമുക്തരായി. ജില്ലകൾ തിരിച്ചുള‌ള കൊവിഡ് കണക്ക് ഇങ്ങനെ.തിരുവനന്തപുരം 352, കോഴിക്കോട് 238,കാസർകോട് 231, മലപ്പുറം 230, പാലക്കാട് 195, കോട്ടയം 189, കൊല്ലം 176, ആലപ്പുഴ 172, പത്തനംതിട്ട 167, തൃശൂർ 162,എറണാകുളം 140, കണ്ണൂർ 102, ഇടുക്കി 27, വയനാട് 25.

രാജ്യത്ത് കൊവിഡ് ഗുരുതരമായ സ്ഥിതിയിലാണെന്നും ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് കൊവിഡ് ശക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കർണാടകയിൽ മൂന്ന് ലക്ഷം പേരാണ് രോഗ ബാധിതർ. തമിഴ്‌നാട്ടിൽ നാല് ലക്ഷവുമാണ്. തമിഴ്‌നാട്ടിൽ 10 ലക്ഷത്തിൽ 93 പേരാണ് മരിച്ചത്. കർണാടകത്തിൽ 10 ലക്ഷത്തിൽ 82 പേരും ആണ്.കേരളത്തിലെ മരണനിരത്ത് 10 ലക്ഷത്തിൽ 8 പേ‌ർക്കാണ്. സംസ്ഥാനത്ത് രോഗത്തെ പിടിച്ചു നിർത്താനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക് ദ ചെയിനും ജാഗ്രതയും അതിപ്രധാനമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സംസ്ഥാനത്തിലെ ചികിത്സയിൽ ആശങ്കയൊന്നും വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രോഗം സ്ഥിരീകരിച്ച ആദ്യ സമയം ഒരു ലാബിൽ മാത്രമാണ് പരിശോധന നടത്തിയിരുന്നത്. പിന്നീട് 19 ഓളം സർക്കാർ ലാബുകളിൽ കൊവിഡ് പരിശോധന സംവിധാനം ഏർപ്പെടുത്തി. സ്വകാര്യ ലാബുകളും സജ്ജമാക്കി. ആരോഗ്യ സംവിധാനവും പ്രതിരോധ നടപടികളും ശക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.