$20,000 കോടി ഡോളർ ആസ്‌തിയുള്ള ആദ്യ വ്യക്തിയായി ബെസോസ്
സാൻഫ്രാൻസിസ്‌കോ: കൊവിഡ് കാലത്തും ശതകോടീശ്വരന്മാർ സമ്പത്ത് വാരിക്കൂട്ടുന്നു. ആമസോൺ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബെസോസിന്റെ ആസ്‌തി 20,000 കോടി ഡോളർ (14.78 ലക്ഷം കോടി രൂപ) കവിഞ്ഞു. ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ വ്യക്തിയാണ് ബെസോസ്.
ബുധനാഴ്‌ച ആമസോൺ ഓഹരിവില രണ്ടു ശതമാനം മുന്നേറിയതാണ് ബെസോസിന് നേട്ടമായത്. അന്ന്, അദ്ദേഹത്തിന്റെ ആസ്‌തി 20,500 കോടി ഡോളറിൽ (15.15 ലക്ഷം കോടി രൂപ) എത്തിയെന്ന് ഫോബ്സ് മാഗസിനും ബ്ളൂംബെർഗും വ്യക്തമാക്കി. രണ്ടാമത്തെ വലിയ ശതകോടീശ്വരനായ, മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ ആസ്‌തി 11,610 കോടി ഡോളറാണ് (9.16 ലക്ഷം കോടി രൂപ).
ഫേസ്‌ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് 11,500 കോടി ഡോളർ ആസ്‌തിയുമായി (8.50 ലക്ഷം കോടി രൂപ) മൂന്നാമതുണ്ട്. നാലാമതുള്ള ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌കിന്റെ സമ്പത്ത് 10,100 കോടി ഡോളറാണ്; 7.46 ലക്ഷം കോടി രൂപ. ബ്ളൂംബെർഗിന്റെ ഇന്നലത്തെ ശതകോടീശ്വര പട്ടികപ്രകാരം ലോകത്ത് നിലവിൽ 10,000 കോടി ഡോളറിനുമേൽ ആസ്‌തിയുള്ളവർ ഇവർ നാലുപേരാണ്.
ഏഴാമൻ അംബാനി
റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ശതകോടീശ്വര പട്ടികയിൽ ഏഴാംസ്ഥാനത്ത്. 8,110 കോടി ഡോളറാണ് (ആറു ലക്ഷം കോടി രൂപ) ആസ്‌തി.
ഫ്രഞ്ച് തളർച്ച
ഫ്രാൻസിലെ പ്രമുഖ ഫാഷൻ ബ്രാൻഡായ എൽ.വി.എം.എച്ചിന്റെ സി.ഇ.ഒ ബെർണാഡ് അർണോൾട്ടിന്റെ ആസ്‌തി കഴിഞ്ഞവർഷം 10,000 കോടി ഡോളർ കടന്നിരുന്നു. എന്നാൽ, കൊവിഡിൽ ആസ്‌തി കുത്തനെ ഇടിഞ്ഞു. അഞ്ചാമത്തെ വലിയ ശതകോടീശ്വരനായ അർണോൾട്ടിന്റെ ആസ്‌തി ഇപ്പോൾ 8,660 കോടി ഡോളർ.