robo-girl

ചെന്നൈ: കടയിൽ എത്തുന്നവരെയെല്ലാം മനോഹരമായ വേഷവിധാനത്തോടെ സഫിറ ആകർഷിക്കും. ഉപഭോക്താക്കൾ മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിയ്ക്കൽ എന്നിവയടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കുകയും അവർക്ക് സാനിറ്റൈസർ പകർന്ന് നൽകുകയും ശരീരോഷ്മാവ് പരിശോധിക്കുകയും ചെയ്യും ഈ മിടുക്കി. സഫിറ ആരെന്നല്ലേ? തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ഒരു വസ്ത്ര വിപണനകേന്ദ്രത്തിൽ വച്ചിരിക്കുന്ന നിർമ്മിത ബുദ്ധിയുള്ള റോബോട്ടാണിത്. ശബ്ദത്തിലൂടെയാണ് സഫിറയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. വസ്ത്രശാലയായതിനാൽ ഒാരോ ദിവസവും വ്യത്യസ്ത രീതിയിലുള്ള സ്റ്റൈലൻ വേഷത്തിലാണ് സഫിറ പ്രത്യക്ഷപ്പെടുന്നത്.

ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ തന്നെ തൊഴിലാളികളുടെ സഹായത്തിനായി റോബോട്ടുകൾ വികസിപ്പിച്ചെടുത്തതായി സാഫി റോബോട്ട്‌സ് കമ്പനി സി.ഇ.ഒ ആഷിക് റഹ്‌മാൻ പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ ഒട്ടുമിക്ക വസ്ത്രശാലകളിലും റോബോട്ടുകൾ സഹായത്തിനുണ്ട്. തമിഴ്‌നാട്ടിലെ മറ്റിടങ്ങളിലും കേരളത്തിലും നിന്ന് ഏറെ ആവശ്യക്കാർ എത്തുന്നതിനെ തുടർന്ന് വൻ തോതിൽ റോബോട്ട് നിർമ്മാണത്തിനുള്ള ഒരുക്കത്തിലാണെന്ന് ആഷിക് റഹ്‌മാൻ പറഞ്ഞു.