ന്യൂസിലാന്‍ഡ്: മലയാളിയുള്‍പ്പെടെ 51 പേരുടെ ജീവന്‍ നഷ്ടപ്പെട്ട ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണ കേസില്‍ ശിക്ഷ വിധിച്ച് കോടതി. ആസ്‌ട്രേലിയക്കാരനായ ഇരുപത്തൊമ്പതുകാരന്‍ ബ്രെന്റണ്‍ ടാരന്റിനെ പരോളില്ലാതെ ആജീവാനന്ത തടവ് ശിക്ഷയ്ക്കാണ് കോടതി ശിക്ഷിച്ചത്. ബ്രെന്റണ്‍ ടാരന്റിന് ന്യൂസിലാന്‍ഡ് നല്‍കിയിരിക്കുന്നത് നിലവില്‍ അവിടുത്തെ നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ്. ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തെയും ശിക്ഷയെയും കുറിച്ചറിയാം.
2019 മാര്‍ച്ച് 15നാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ ബ്രെന്റണ്‍ ടാരന്റ് കൂട്ടക്കൊല നടത്തിയത്. മുസ്ലീം പള്ളിയിലേക്ക് ഇരച്ചു കയറിയ ഇയാള്‍ നമസ്‌കാരത്തിനെത്തിയവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 51 പേര്‍ക്കായിരുന്നു
ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.നാല്‍പ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയായിരുന്നു ന്യൂസിലന്‍ഡ് പോലീസ് അന്ന് അറസ്റ്റ് ചെയ്തത്.
ലോകത്തെ ഞെട്ടിച്ച ആക്രമണം പ്രതി സോഷ്യല്‍മീഡിയയിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.
സ്വന്തം തൊപ്പിക്ക് മുകളില്‍ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് സംപ്രേഷണം ചെയ്തത്.ഇയാള്‍ക്ക് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സുണ്ടായിരുന്നു എന്നത് രാജ്യത്ത് ആയുധങ്ങള്‍ കൈവശം വയ്ക്കാനുള്ള നിയമങ്ങളുടെ പുനഃപരിശോധനയ്ക്ക് കാരണമാവുകയും ചെയ്തു.
ഭീകരാക്രണത്തില്‍ ഒരു മലയാളിയുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരും മരിച്ചിരുന്നു. ന്യൂസിലാന്‍ഡിന്റെ ചരിത്രത്തിലാദ്യമായാണ് പരോളില്ലാത്ത ആജീവാനന്ത തടവ് ശിക്ഷ ഒരു പ്രതിക്ക് നല്‍കുന്നത്. വധശിക്ഷ നിര്‍ത്തലാക്കിയ ലോകത്തെ രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്‍ഡ്. അതുകൊണ്ട് തന്നെ നിലവിലെ ഏറ്റവും കഠിനമായ ശിക്ഷയാണ് ബ്രെന്റണ്‍ ടാരന്റിന് നല്‍കിയിരിക്കുന്നത്. തങ്ങളുടെ നിയമചരിത്രത്തിലെ അത്യപൂര്‍വമായ വിധിയാണിതെന്ന നിരീക്ഷണത്തോടെയാണ് കോടതി ശിക്ഷ വിധിച്ചത്.
51 പേരുടെ ജീവനെടുത്ത ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന്റെ വിചാരണ നാല് ദിവസംകൊണ്ടാണ് കോടതിയില്‍ പൂര്‍ത്തിയായത്. തിങ്കളാഴ്ചയാരംഭിച്ച വിചാരണയ്‌ക്കൊടുവിലാണ് ഇന്ന് വിധി പ്രസ്താവിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ കോടതി മുറിയില്‍ വളരെ കുറച്ച് ആളുകളെ മാത്രമായിരുന്നു പ്രവേശിപ്പിച്ചത്. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മറ്റുള്ളവര്‍ക്ക് കോടതി നടപടികള്‍ വീക്ഷിക്കാന്‍ അവസരമൊരുക്കിയിരുന്നു.