bravo

പോർട്ട് ഓഫ് സ്പെയിൻ: ട്വന്റി -20 ക്രിക്കറ്റ് ഫോർമാറ്റിലെ എല്ലാ മത്സരങ്ങളിൽ നിന്നുമായി 500 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ബൗളറായി ചരിത്രം കുറിച്ച് അപൂർവ നേട്ടത്തിന് ഉടമയായി വെസ്റ്റിൻഡീസ് ആൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ.

കഴിഞ്ഞ ദിവസം വിൻഡീസിൽ തുടങ്ങിയ കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനായി കളിക്കുന്ന ബ്രാവോ പോർട്ട് ഓഫ് സ്പെയിനിനിൽ സെന്റ് ലൂസിയ സോക്സിനെതിരായ മത്സരത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. സെന്റ് ലൂസിയ താരം റഖീം കോൺവാളായിരുന്നു ബ്രോവോയുടെ അഞ്ഞൂറാമത്തെ ഇര.

മത്സരത്തിന്റെ നാലാം ഓവറിലായിരുന്നു ബ്രാവോയുടെ ചരിത്ര നേട്ടം. 459-ാമത്തെ ട്വന്റി 20 മത്സരത്തിലാണ് ബ്രാവോ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. ട്വന്റി -20യുടെ ചരിത്രത്തിൽ ആദ്യമായി 300, 400 വിക്കറ്റുകൾ തികച്ച ആദ്യ താരവും ബ്രാവോയാണ്. 2016 ഐ.പി.എല്ലിലായിരുന്നു ബ്രാവോയുടെ 300 വിക്കറ്റ് നേട്ടം. തൊട്ടടുത്ത വർഷം ആസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ കളിക്കവേ 400 വിക്കറ്റും തികച്ചു. ബ്രാവോയല്ലാതെ ട്വന്റി 20-യിൽ 400 വിക്കറ്റുകൾ പോലും നേടിയ താരങ്ങളില്ല.

2006-ൽ ട്വന്റി 20-യിൽ അരങ്ങേറിയ ബ്രാവോ വിവിധ ലീഗുകളിലായി മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, സിഡ്നി സിക്സേഴ്സ്, മെൽബൺ സ്റ്റാർസ്, മെൽബൺ റെനഗേഡ്സ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്.

ട്വന്റി 20-യിലെ വിക്കറ്റ് വേട്ടയിൽ ബ്രാവോയ്ക്ക് പിന്നിലുള്ളത് ശ്രീലങ്കൻ താരം ലസിത് മലിംഗയാണ്. 295 മത്സരങ്ങളിൽ നിന്ന് 390 വിക്കറ്റുകളാണ് മലിംഗയുടെ സമ്പാദ്യം. 339 മത്സരങ്ങളിൽ നിന്ന് 383 വിക്കറ്റുകളുമായി സുനിൽ നരെയ്ൻ മൂന്നാമതുണ്ട്. ഇമ്രാൻ താഹിർ (295 മത്സരങ്ങൾ 374 വിക്കറ്റ്), സൊഹൈൽ തൻവീർ (339 മത്സരങ്ങൾ 356 വിക്കറ്റ്) എന്നിവരാണ് തൊട്ടുപിന്നിൽ.