thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കൊവിഡ് സാഹചര്യം രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്ന് ജില്ലയിൽ 352 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജില്ലയിൽ ഇന്ന് 267 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം വന്നത്. അതേസമയം തലസ്ഥാന ജില്ലയിൽ ഇന്ന് 623 പേർക്ക് രോഗമുക്തിയും ഉണ്ടായിട്ടുണ്ട്. ജില്ലയിൽ ഉണ്ടായ നാല് മരണങ്ങൾ ഇന്ന് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ആഗസ്റ്റ് 24ന് മരണമടഞ്ഞ തിരുവനന്തപുരം മലയം സ്വദേശി ഷാജഹാന്‍ (67), തിരുവനന്തപുരം വെണ്‍പകല്‍ സ്വദേശി മഹേശ്വരന്‍ ആശാരി (76), തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിനി വിമലാമ്മ (83), തിരുവനന്തപുരം വലിയതുറ സ്വദേശി സേവിയര്‍ (50) എന്നിവരിലാണ് ആലപ്പുഴ എൻ.ഐ.വി രോഗം കണ്ടെത്തിയത്.

സംസ്ഥാന സർക്കാരിന്റെ കൊവിഡ് ഡാഷ്ബോർഡ് നൽകുന്ന കണക്കുകൾ പ്രകാരം ജില്ലയിൽ ഇതുവരെ രോഗം വന്നവരുടെ എണ്ണം 14,000 കടക്കുകയാണ്, ജില്ലയിൽ 6000ൽ അധികം പേർ നിലവിൽ രോഗം മൂലം ചികിത്സയിൽ കഴിയുകയാണ്. രാജ്യത്ത് കൊവിഡ് ഗുരുതരമായ സ്ഥിതിയിലാണെന്നും ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് കൊവിഡ് ശക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രോഗത്തെ പിടിച്ചു നിർത്താനായെന്നും. ബ്രേക് ദ ചെയിനും ജാഗ്രതയും അതിപ്രധാനമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കേരളത്തിലെ മരണനിരത്ത് 10 ലക്ഷത്തിൽ 8 പേ‌ർക്കാണ്. സംസ്ഥാനത്തിലെ ചികിത്സയിൽ ആശങ്കയൊന്നും വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.