aparna-balan

തിരുവനന്തപുരം: ബാഡ്മിന്റൺ കോർട്ടുകളിൽ പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നു കളിക്കുന്ന പോക്കറ്റ് റോക്കറ്ര്... അപർണേച്ചിയെപ്പറ്രിയുള്ള എന്റെ ആദ്യ ഓർമ്മയും പെട്ടെന്ന് മനസിൽ തെളിയുന്ന ചിത്രവും അതാണ്. ചേച്ചിയെ പരിചയപ്പെടുന്ന സമയത്ത് ഞാൻ അണ്ടർ 13 തലത്തിൽ കളിച്ചു തുടങ്ങുന്നതേയുള്ളൂ. അണ്ടർ 19വിഭാഗത്തിൽ തന്നെക്കാൾ വലിയ എതിരാളികളെ തകർപ്പൻ ഷോട്ടുകളിലൂടെയും പ്ലേസിംഗിലൂടെയും മലർത്തിയടിച്ച് ചിരിച്ചു കൊണ്ട് നടന്നുവരുന്ന ചേച്ചി അന്നുമുതലേ ഞങ്ങൾക്കെല്ലാം വലിയ ആവേശവും പ്രചോദനവുമായിരുന്നു. പരിമിതമായ സാഹചര്യത്തിലും മകളുടെ ഇഷ്ടത്തിന് എല്ലാവിധ പിന്തുണയും നൽകിയ ബാലൻ അങ്കിളും നിഴൽപോലെ ചേച്ചിക്കൊപ്പമുണ്ടായിരുന്നു. പിതാവ് സുനിൽ കുമാറാണ് എന്നെ മത്സരങ്ങൾക്ക് കൊണ്ടുപോയിക്കൊണ്ടിരുന്നത്. ബാലൻ അങ്കിളും അച്ഛനും സുഹൃത്തുക്കളായി. എന്നെ അങ്കിളിന് വലിയ ഇഷ്ടമാണ്. അങ്ങനെ ഞങ്ങൾ കുടുംബസുഹൃത്തുക്കളുമായി.

പിന്നീട് ഹൈദരാബാലെ അക്കാഡമിയിലും ഏറെക്കാലം ഒന്നിച്ചുണ്ടായിരുന്നു. സനേവ് ചേട്ടനും രൂപേഷ് ചേട്ടനുമൊക്കെയുണ്ടായിരുന്ന സമയത്ത് ഞങ്ങളുടെ മല്ലു സർക്കിളിൽ തമാശകളൊക്കെപ്പറഞ്ഞ് നല്ല ആക്ടീവായിരുന്നു ചേച്ചി. കഴി‍ഞ്ഞയിടെ അർജുന വിവാദ സമയത്തൊക്കെ എന്നെ ആശ്വസിപ്പിച്ചിരുന്നു.

സിംഗിൾസിൽ നിന്ന് ഡബിൾസിലേക്ക് ചേച്ചി മാറേണ്ടിയിരുന്നില്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ. കാരണം മികച്ച സ്കില്ലും ടെക്നിക്കുമുള്ള താരമാണ്.

അർഹിച്ച അംഗീകാരങ്ങൾ പലതും ചേച്ചിക്ക് ലഭിച്ചില്ലെന്നത് സത്യമാണ്. ബാഡ്മിന്റണിൽ ഉയർന്നുവരാൻ യാതൊരു സാഹചര്യവും ഇല്ലാതിരുന്നിടത്തു നിന്ന് കഠിനാധ്വാനവും അർപ്പണ മനോഭാവവും കൊണ്ട് രാജ്യത്തെ ഒന്നാം നിര താരങ്ങളിൽ ഒരാളായി ഉയർന്നുവന്ന അപർണേച്ചി വളർന്നു വരുന്ന തലമുറയ്ക്ക് പാഠപുസ്തകമാണ്.

അപർണയുടെ 5 നേട്ടങ്ങൾ

1.2010 കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ.

2. 2004,2006,2010 വർഷങ്ങളിലെ സാഫ് ഗെയിംസുകളിലായി നാലു സ്വർണവും മൂന്ന് വെള്ളിയും

3. 2010 ഏഷ്യൻ ഗെയിംസിലും നിരവധി ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്,സുദിർമാൻ കപ്പ് ,തോമസ്&ഉൗബർ കപ്പ് തുടങ്ങിയ ടൂർണമെന്റുകളിലും രാജ്യത്തെ പ്രതിനിധീരിച്ചു .

4. ബഹറിൻ ഇന്റർനാഷണൽ ചലഞ്ച്,പാകിസ്ഥാൻ ഇന്റർനാഷണൽ ചലഞ്ച് എന്നിവയിൽ ചാമ്പ്യൻ.

5.സ്പാനിഷ് ഒാപ്പൺ, ആസ്ട്രേലിയൻ ഒാപ്പൺ,ന്യൂസിലാൻഡ് ഒാപ്പൺ,റഷ്യ ഒാപ്പൺ, സെയ്ദ് മോഡി ,ടാറ്റ ഒാപ്പൺ തുടങ്ങിയ നിരവധി ബി.ഡബ്ളിയു.എഫ് ടൂർണമെന്റുകളിൽ മെഡലുകൾ.