bjp

ന്യൂഡൽഹി: ഫേസ്‌ബുക്കിലൂടെ രാജ്യത്ത് ഏറ്റവുമധികം രാഷ്‌ട്രീയ പരസ്യം നൽകിയത് ബി.ജെ.പിയെന്ന് റിപ്പോർട്ട്.

2019 ഫെബ്രുവരി മുതൽ ആഗസ്‌റ്റ് 24വരെയുള്ള കണക്കുകൾ പ്രകാരം 4.61 കോടി രൂപയാണ് ഫേസ്‌ബുക്കിൽ പരസ്യം നൽകുന്നതിനായി ബി.ജെ.പി ചെലവഴിച്ചത്. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ഈ കാലയളവിൽ 1.84 കോടി രൂപ മുടക്കി.

പരസ്യത്തിനായി പണം ചെലവഴിച്ചവരുടെ പട്ടികയിൽ ആദ്യ പത്തിലുള്ളവരിൽ നാലും ബി.ജെ.പിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. ഡൽഹിലെ ബി.ജെ.പി ഹെഡ്‌ക്വാർട്ടേഴ്‌സിന്റെ അഡ്രസാണ് ഇവർ നൽകിയിരിക്കുന്നത്.
'മൈ ഫസ്‌റ്റ് വോട്ട് ഫോർ മോദിയ്ക്ക്" 1.39 കോടി രൂപയും 'ഭാരത് കെ മൻ കി ബാത്തിന്" 2.24 കോടിയും 'നേഷൻ വിത്ത് നമോയ്ക്ക്" 1.28 കോടി രൂപയും ബി.ജെ.പി നേതാവ് ആർ.കെ.സിൻഹയുമായി ബന്ധപ്പെട്ട പേജിന് 65 ലക്ഷം രൂപയും പരസ്യങ്ങൾക്കായി ചെലവഴിച്ചു.

ബി.ജെപിയും ബന്ധപ്പെട്ടവരും ചെലവഴിച്ച തുക മൊത്തം തുക 10.17 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

കോൺഗ്രസിന്റെ പരസ്യത്തുകയുടെ വിവരങ്ങൾ ലഭ്യമാണെങ്കിലും പണം നൽകിയത് ആരെല്ലാമാണെന്ന് വ്യക്തമല്ല. അതേസമയം, ഡൽഹി ഭരിക്കുന്ന ആം ആദ്‌മി പാർട്ടി 69 ലക്ഷം രൂപയാണ് പരസ്യങ്ങൾക്കായി ചെലവഴിച്ചത്.