തിരുവനന്തപുരം : സൂപ്പർ സ്ട്രൈക്കർ ബാർത്തലോമിയോ ഒഗുബച്ചു പോകുന്ന ഒഴിവ് നികത്താൻ മറ്റൊരുമികച്ചസ്ട്രൈക്കറെ തേടുകയാണ് കേരള ബ്ളാസ്റ്റേഴ്സ്. ഇംഗ്ലീഷ് പ്രിമിയർ ലീഗ് ക്ളബ് നോർവിച്ച് സിറ്റിയുടെ മുൻ സ്‌ട്രൈക്കർ ഗാരി ഹൂപ്പറിനുവേണ്ടി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തിയതായാണ് വിവരം.
32 കാരനായ ഹൂപ്പറിന് പ്രീമിയർ ലീഗിൽ മാത്രമല്ല ചാമ്പ്യൻസ് ലീഗ്- യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങളിലും ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പിലും എഫ്എ കപ്പിലും പരിചയസമ്പത്തുണ്ട്. 34 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
സ്‌കോട്ടിഷ് ക്ളബ് സെൽറ്റിക്കിനു വേണ്ടി 138 മത്സരങ്ങളിൽ 82 ഗോളുകൾ നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ എ-ലീഗിൽ വെല്ലിംഗ്ടൺ ഫീനിക്സിനായി 2019-2020 സീസണിൽ 21 മത്സരങ്ങൾ കളിച്ച ഗാരി ഹൂപ്പർ 8 ഗോളുകൾ നേടുകയും 5 അസിസ്റ്റുകൾ നടത്തുകയും ചെയ്തിരുന്നു.
ക്ലബ് ഫുട്ബോളിൽ 476 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ഗാരി ഹൂപ്പർ 207 ഗോളുകൾ നേടുകയും 65 അസിസ്റ്റുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.