cm-pinarayi-vijayan

തിരുവനന്തപുരം: നിയമസഭയിൽ അവിശ്വാസപ്രമേയത്തിനിടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയവേ തന്റെ മുഖത്ത് നോക്കി 'കള്ളാ കള്ളാ' എന്ന് വിളിക്കലാണോ ശരിയായ മാർഗമെന്ന് ചോദിച്ചുകൊണ്ട്പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലെ ജനങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാർ ചെയ്തതെന്തൊക്കെയാണെന്ന് താൻ വിശദീകരിച്ചപ്പോൾ 'എന്തെല്ലാം തെറികളാണ്' പ്രതിപക്ഷം വിളിച്ചുപറഞ്ഞതെന്നും കൊവിഡ് അവലോകന യോഗശേഷമുള്ള വാർത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി ചോദിച്ചു.

നിയമസഭയിൽ താൻ സംസാരിക്കാനായി സമയമെടുത്തതിൽ പ്രതിപക്ഷത്തിനു വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതിൽ തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു. സർക്കാരിന്റെ ഓരോ കാര്യവും ജനങ്ങൾ നല്ല രീതിയിലാണ് സ്വീകരിച്ചിട്ടുള്ളതെന്നും അക്കാര്യത്തിൽ ജനങ്ങൾക്ക് സർക്കാരിനോട് മതിപ്പ് മാത്രമേ ഉള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ മുദ്രാവാക്യങ്ങൾ ന്യായമായവ അല്ലായിരുന്നുവെന്നും തെറികളാണ് അവർ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഇത് സംബന്ധിച്ച ഓരോ കാര്യവും ഞാൻ പ്രതിപക്ഷത്തോട് എടുത്ത് ചോദിച്ചു. ചുരുക്കി പറയാനാണ് ഞാൻ ശ്രമിച്ചത് . പറയാനുള്ള പല കാര്യങ്ങളും വിട്ടിട്ടുണ്ട്. അപ്പോൾ സമയം നീണ്ടുപോകുന്നത് ശരിയല്ലല്ലോ, ഇത് അവസാനിപ്പിക്കേണ്ടതല്ലേ എന്ന് തുടങ്ങിയ 'സ്നേഹപൂർവമുള്ള' അഭ്യർത്ഥനകൾ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും വരാൻ തുടങ്ങി. അപ്പോൾ കൂടുതൽ കാര്യങ്ങളിലേക്ക് പോകേണ്ടേ എന്ന് താൻ ചോദിച്ചു. അപ്പോൾ ലൈഫിന്റെ കാര്യം പറഞ്ഞില്ലല്ലോ എന്ന് അവർ പറഞ്ഞു. പക്ഷെ അത് ഞാൻ നേരത്തെ വിവരിച്ചിരുന്നു'- മുഖ്യമന്ത്രി പറയുന്നു.

ലൈഫ് മിഷൻ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുമായി മറ്റ് കാര്യങ്ങളിലേക്ക് താൻ പോകാമെന്ന് പറഞ്ഞപ്പോൾ 'വേണമെന്നില്ല' എന്നാണു പ്രതിപക്ഷം പറഞ്ഞതെന്നും തുടർന്ന് താൻ അതേകുറിച്ച് വിശദീകരിക്കാൻ തുടങ്ങിയപ്പോഴാണ് അവർ മുദ്രാവാക്യം വിളികൾ ആരംഭിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. നാം സംസ്കാരമുള്ള മനുഷ്യരാണെന്നാണ് പൊതുധാരണയെന്നും എന്നാൽ അവിശ്വാസ പ്രമേയത്തിന്റെ അന്ന് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും എന്ത് സംസ്കാരമാണ് നാം കണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.