ramesh

ന്യൂഡൽഹി: ജെ..ഇ.ഇ, നീറ്റ് പരീക്ഷകൾക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും കൊവിഡിനെ പറ്റി
ആശങ്കപെടേണ്ടതില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയൽ പറഞ്ഞു. പരീക്ഷാ കേന്ദ്രങ്ങളിൽ നടപ്പിലാക്കേണ്ട സുരക്ഷ നടപടി ക്രമങ്ങൾ സംബന്ധിച്ച കാര്യങ്ങൾ എ.ടി.എ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) പൂർത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയും ഭാവിയും പ്രധാനമാണെന്നും മന്ത്രി കൂട്ടിചേർത്തു.


കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് തവണയാണ് ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ മാറ്റിവച്ചത്. ഇപ്പോൾ നടക്കുന്ന പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കുന്നതിനായി അവരുടെ യാത്രാ സൗകര്യം പരിഗണിച്ച് ഇഷ്ടാനുസരണം പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ അവസരമൊരുക്കിയതായും രമേശ് പൊഖ്രിയൽ പറഞ്ഞു. വിദ്യാർത്ഥികളുടെ ഒരു അദ്ധ്യയന വർഷം നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന സുപ്രീം കോടതിയുടെ പരാമർശം കൂടി കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ പരീക്ഷ നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

അതേസമയം 8.58 ലക്ഷം വിദ്യാർത്ഥികളിൽ ഇതുവരെ 7.50 ലക്ഷം പേരാണ് തങ്ങളുടെ ജെ.ഇ.ഇ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്തത്. 15.97 ലക്ഷം വിദ്യാർത്ഥികളിൽ 10 ലക്ഷം വിദ്യാർത്ഥികൾ ഇതുവരെ നീറ്റ് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്തു. ഒരു വിഭാഗം വിദ്യാർത്ഥികൾ പരീക്ഷ നടത്താനുളള സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ഉയർത്തുകയാണ്. ഇതിന് പിന്നാലെ നടൻ സോനു സുദ് ഉൾപ്പെടെയുളളവർ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് രമേശ് പൊഖ്രിയലിന്റെ പ്രതികരണം.