ഹൈദരാബാദ് : ഈ വർഷത്തെ അർജുനഅവാർഡ് ജേതാവായ ബാഡ്മിന്റൺ താരം സ്വാത്വിക് സായ്‌രാജ് റാൻകി റെഡ്ഢിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. നാളെ വിർച്വൽ പ്ളാറ്റ്ഫോമിൽ നടക്കുന്ന അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കാൻ സ്വാത്വിക് ഹൈദരാബാദിലെ സായ് സെന്ററിൽ എത്തേണ്ടതായിരുന്നു. എന്നാൽ ഇതിൽ നിന്ന് താരത്തെ ഒഴിവാക്കിയതായി കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു. മറ്റ് രണ്ട് അവാർഡ് ജേതാക്കളും കൊവിഡ് പോസിറ്റീവ് ആയതിനാൽ ഇവരെയും ഒഴിവാക്കിയിട്ടുണ്ട്. രാഷ്ട്രപതി ഭവനിൽ നടക്കേണ്ട അവാർഡ് ദാനം ഇത്തവണ ഒാൺലൈനായാണ് നടക്കുന്നത്. ജേതാക്കൾ രാജ്യത്തെ വിവിധ സായ് സെന്റുകളിലിരുന്ന് രാഷ്ട്രപതിയുടെ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത് വിർച്വലായി അവാർഡ് ഏറ്റുവാങ്ങും. ഇതിന് സായ് സെന്ററുകളിൽ എത്തുന്നതിന് മുമ്പ് കൊവിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു. അതിലാണ് സ്വാത്വിക് അടക്കം മൂന്നുപേർ പോസിറ്റീവായത്.