തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികൾ എട്ട് മടങ്ങ് വർദ്ധിച്ചാലും ചികിത്സ നൽകാനുളള ആരോഗ്യ സംവിധാനം കേരളത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനാൽ തന്നെ സംസ്ഥാനത്തെ കൊവിഡ് ചികിത്സ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രേക്ക് ദി ചെയിൻ പ്രവർത്തനവും ജാഗ്രതയും ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. ജീവന്‍റെ വിലയുള്ള ജാഗ്രത മുന്നോട്ട് വയ്ക്കുന്ന സന്ദേശം അതാണെന്നും ശുചീകരണം, മാസ്ക് ധരിക്കൽ എന്നിവയിൽ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ ആളുകളും അവരവരുടെ ചുറ്റും സുരക്ഷാ വലയം തീർക്കണം.കൊവിഡ് നിരുപദ്രവകാരിയല്ലെന്നും മരണനിരക്ക് ഒരു ശതമാനമാണെന്നും രോഗം വന്നാൽ കുഴപ്പമില്ലെന്നും പ്രചാരണം നടക്കുന്നുണ്ട്. ഈ ധാരണ പ്രബലമായാൽ വലിയ അപകടം ഉണ്ടാവുമെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.മൂന്നര കോടി ജനസംഖ്യയുള്ള കേരളത്തിൽ ഒരു ശതമാനം മൂന്നര ലക്ഷമാണ്. അതിന്‍റെ പകുതിയാണെങ്കിലും വരുന്ന സംഖ്യ എത്രയെന്ന് ചിന്തിക്കണം. അതുപോലെയൊരു സാഹചര്യം അനുവദിക്കാനാവുമോ എന്ന് പ്രചാരണം നടത്തുന്നവർ ആലോചിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
ചിലർ സ്വീഡനെ മാതൃകയാക്കാൻ പറയുന്നു എന്നാൽ അവിടെ പത്ത് ലക്ഷത്തിൽ 575 പേരെന്ന നിലയിലാണ് മരണമുണ്ടായത്. കേരളത്തിന്റെ 100 ഇരട്ടി മരണം ഉണ്ടായി. മരണം ഒഴിവാക്കാനാണ് ശ്രമം. ഓരോരുത്തരുടെയും ജീവൻ വിലപ്പെട്ടതാണെന്നും പിണറായി പറഞ്ഞു. ലോകത്ത് തന്നെ കുറവ് മരണനിരക്കുള്ള പ്രദേശമായി കേരളത്തെ നിലനിറുത്തണം. കൈ കഴുകുമ്പോഴും മാസ്ക് ധരിക്കുമ്പോഴും ചുറ്റുമുള്ളവരെ കൂടി രക്ഷിക്കുകയാണ്. ആ പ്രതിബദ്ധത കൈവെടിയരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കേരളത്തിൽ കൊവിഡ് രോഗികൾക്ക് ചികിത്സ സൗജന്യമാണ്. പരിശോധന, ഭക്ഷണം, മരുന്ന്, കിടക്ക, വെന്‍റിലേറ്റർ, പ്ലാസ്മ തെറാപ്പി എന്നിവയെല്ലാം സൗജന്യമാണ്. സർക്കാർ അംഗീകൃത സ്വകാര്യ ലാബിൽ സ്വമേധയാ വരുന്ന എല്ലാവർക്കും ടെസ്റ്റ് നടത്താമെന്നും അദ്ദേഹം അറിയിച്ചു.