കൊച്ചി: ഊബര്‍ രാജ്യത്ത് റെന്റല്‍ ഓട്ടോ സേവനങ്ങള്‍ ആരംഭിച്ചു. കൊവിഡ് പ്രതിസന്ധി മൂലം ടാക്‌സി സേവനങ്ങള്‍ കുറഞ്ഞതിനാല്‍ ആണ് ഇത്. ഏഷ്യന്‍ വിപണിയില്‍ ഊബര്‍ പിടിച്ചുനില്‍ക്കാന്‍ പാടു പെടുകയാണ്. 24 മണിക്കൂറും ലഭ്യമായ ഓട്ടോ റെന്റല്‍ സേവനമാണ് ഊബര്‍ അവതരിപ്പിയ്ക്കുന്നത്.
ഡല്‍ഹി, മുംബയ് ഉള്‍പ്പെടയുള്ള ആറു നഗരങ്ങളില്‍ ആണ് ആദ്യം സേവനം നല്‍കുന്നത്. ടാക്‌സി കാറുകള്‍ വിളിയ്ക്കുന്നതു പോലെ തന്നെ ആപ്പിലൂടെ ഊബര്‍ ഓട്ടോ ബുക്ക് ചെയ്യാം. യാത്രയില്‍ ഉടനീളം വിവിധ സ്ഥലങ്ങളില്‍ വണ്ടി നിര്‍ത്തുന്നതിനുള്ള സൗകര്യവും ലഭിയ്ക്കും. ടാക്‌സി കാറുകളേക്കാള്‍ ലാഭകരമാകും എന്നതിനാല്‍ കൂടുതല്‍ ഉപഭോക്താക്കള്‍ സേവനം പ്രയോജനപ്പെടുത്തിയേക്കും എന്നാണ് സൂചന.
രാജ്യത്തെ ഓട്ടോക്കാരും ആയി സഹകരിച്ച് സേവനം ലഭ്യമാക്കിയേക്കും. ഉപഭോക്താക്കള്‍ക്കായി അധിക സമയം അനുവദിയ്ക്കും എന്നതാണ് പുതിയ റെന്റല്‍ സര്‍വീസിന്റെ പ്രധാന നേട്ടം. മണിക്കൂറിന് അല്ലെങ്കില്‍ കിലോമീറ്ററിന് 149 രൂപ നിരക്കില്‍ ആയിരിക്കും സര്‍വീസ്. കൊവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും ഒക്കെ മൂലം അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ആളുകള്‍ പുറത്തിറങ്ങിയിരുന്നുള്ളു എന്നത് ഊബര്‍, ഒല തുടങ്ങിയ ഓണ്‍ലൈന്‍ ക്യാബ് കമ്പനികളെ പ്രതിസന്ധിയില്‍ ആക്കിയിരുന്നു. ഗണ്യമായി ബിസിനസ് കുറഞ്ഞു.
അടുത്തിടെയായി സ്വകാര്യ ആവശ്യങ്ങള്‍ക്കായി സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നവര്‍ വര്‍ധിച്ചു. യൂസ്ഡ് കാറുകളുടെ വില്‍പ്പനയും ഉയര്‍ന്നിട്ടുണ്ട്. ഇതാണ് ടാക്‌സി കമ്പനികളെ പ്രതിസന്ധിയില്‍ ആക്കിയത്. ഈ സമയത്താണ് താരതമ്യേന കുറഞ്ഞ നിരക്കില്‍ ഓട്ടോ ടാക്‌സി സര്‍വീസുമായി ഊബര്‍ രംഗത്ത് എത്തിയിരിക്കുന്നത്.