bus

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെയും സ്കൂൾ ബസുകളുടെയും വാഹന നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ബസുകളുടെയും കോൺട്രാക്ട് കാരേജുകളുടെയും ജൂലായ് ഒന്ന് മുതലുളള ക്വാർട്ടറിലെ വാഹന നികുതിയും സ്‌കൂൾ ബസുകളുടെ ഏപ്രിൽ മാസം മുതലുളള ആറ് മാസത്തെ വാഹന നികുതിയുമാണ് ഒഴിവാക്കുന്നതെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ബസുകൾക്ക് രണ്ടിലധികം ജില്ലകളിൽ സർവീസ് നടത്താൻ അനുമതി നൽകും. കെ.എസ്.ആർ.ടി.സി ബസുകൾക്ക് അനുമതി നൽകുന്ന മുറയ്ക്കാവും സ്വകാര്യ ബസുകൾക്കും അനുമതി. സംസ്ഥാനത്ത് സർവീസ് നടത്തുന്ന 15,840 സ്വകാര്യ ബസുകളിൽ 12,433 എണ്ണവും സർവീസ് നിറുത്തിവച്ച് വാഹന നികുതി ഒഴിവാക്കുന്നതിനുളള ജി ഫോം നൽകിയിരിക്കുകയാണ്.

സ്വകാര്യ ബസുകൾ സർവീസ് നിറുത്തിയതിനാൽ ജനങ്ങൾ വലിയ തോതിലാണ് യാത്രാദുരിതം അനുഭവിക്കുന്നത്. ജൂലായ് ഒന്ന് മുതലുള്ള കോൺട്രാക്ട് കാര്യേജ് വാഹനനികുതി പൂർണമായും ഒഴിവാക്കുന്നതിലൂടെ മൂന്ന് മാസത്തേക്ക് 45 കോടി രൂപയുടെ വരുമാന നഷ്ടമാണ് സർക്കാരിനുണ്ടാകുന്നത്. ഇതേ രീതിയിൽ സ്വകാര്യ സ്റ്രേജ് കാരേജുകളുടെ നികുതി മൂന്ന് മാസത്തേക്ക് ഒഴിവാക്കുന്നത് വഴി 44 കോടി രൂപയും വിദ്യാർത്ഥികളുടെ യാത്രയ്ക്ക് മാത്രം ഉപയോഗിക്കുന്ന സ്കൂൾ ബസുകളുടെ ഏപ്രിൽ മുതൽ ആറ് മാസത്തേക്കുളള നികുതി ഒഴിവാക്കുന്നത് വഴി 10 കോടി രൂപയുമാണ് നികുതിയിനത്തിൽ സർക്കാരിന് നഷ്ടമാവുക.
പൊതുജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ കണക്കിലെടുത്തും ചെറുകിട വാഹന ഉടമകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രയാസങ്ങൾ കണക്കിലെടുത്തുമാണ് വാഹനനികുതി വേണ്ടെന്ന് വയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ബസ് സർവീസ് ഓണക്കാലത്ത് തന്നെ പുനരാരംഭിക്കാൻ സ്വകാര്യ ബസുടമകളോട് മന്ത്രി അഭ്യർത്ഥിച്ചു. സഹായങ്ങൾ ചെയ്തിട്ടും സർവീസ് നടത്താൻ തയ്യാറാകാത്തവർക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.