popular-front

കോഴിക്കോട്: കേരളാ പൊലീസിന് കടുത്ത മുസ്ലിം വിരുദ്ധ വംശീയ മനോഭാവമാണ് ഉള്ളതെന്നും ആർ.എസ്.എസിന്റെ അജണ്ടകൾ നടത്താനുള്ള പീഡന കേന്ദ്രങ്ങളായി കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ മാറിയെന്നുമുള്ള ആരോപണവുമായി പോപ്പുലർ ഫ്രണ്ട്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുൾ സത്താര്‍ ആണ് ഈ വിമർശനം നടത്തിയത്.

പാലക്കാട് നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ വച്ച് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കു നേരെ അതിക്രൂരമായ കസ്റ്റഡി പീഡനവും മുസ്‌ലിം വിരുദ്ധ വംശീയ അധിക്ഷേപവും നടന്നുവെന്നും ഇക്കാര്യം പൊലീസിന്റെ മുസ്ലിം വിരുദ്ധ മനോഭാവത്തിന്റെ തെളിവാണെന്ന് സത്താർ ആരോപിക്കുന്നു.

മനുഷ്യത്വരഹിതമായ ഇത്തരം നടപടികള്‍ക്കെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സത്താർ അഭിപ്രായപ്പെട്ടു. പ്രാദേശിക സംഭവത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത കാംപസ് ഫ്രണ്ട് ഏരിയ ഭാരവാഹികളെ പാലക്കാട് നോര്‍ത്ത് സ്റ്റേഷൻ എസ്.ഐയും സംഘവും പ്രാകൃതമായ രീതിയില്‍ മൂന്നാംമുറയ്ക്ക് വിധേയമാക്കിയെന്നും ഇവരുടെ സ്വകാര്യ സ്ഥലങ്ങളിൽ മുളക് സ്‌പ്രേ അടിച്ച ശേഷം കത്തിക്കുകയും ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിക്കുകയും ചെയ്തുവെന്നും സത്താർ പറയുന്നുണ്ട്.

മുസ്‌ലിം സന്തതികള്‍ക്ക് ജന്മം നല്‍കരുതെന്ന് ആക്രോശിച്ചുകൊണ്ടാണ് തങ്ങളെ പൊലീസുകാർ പീഡിപ്പിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞതായി സത്താർ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു.

സംസ്ഥാന ആഭ്യന്തരവകുപ്പും പോലിസും സംരക്ഷിക്കുന്നത് ആര്‍.എസ്.എസ് താല്‍പ്പര്യമാണെന്നും പൊലീസ് സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ മുതൽ താഴെയുള്ളവർ വരെ മുസ്‌ലിം വിരുദ്ധ മനോഭാവംവച്ചുപുലർത്തുന്നവരാണെന്നും സത്താർ അഭിപ്രായപ്പെട്ടൂ. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ പൊലീസിനെ പോലെ കേരളത്തിലെ പൊലീസും വര്‍ഗീയവത്ക്കപ്പെടുന്നതിനെതിരേ നിശബ്ദത പാലിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ നിലപാട് അപകടകരമാണെന്നും അബ്ദുൾ സത്താര് പറഞ്ഞു.