nirmala

ന്യൂഡൽഹി : കൊവിഡ് 19 മഹാമാരി ജി.എസ്.ടി നികുതി വരുമാനത്തെ കാര്യമായി ബാധിച്ചതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഈ സാമ്പത്തിക വർഷം രാജ്യത്തിന്റെ നികുതി വരുമാനത്തിൽ 2.35 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. കൊവിഡ് മഹാമാരിയെ 'ദൈവനിശ്ചയം' എന്ന് വിശേഷിപ്പിച്ച നിർമല, ഇതുകാരണം ഈ സാമ്പത്തിക വർഷം സമ്പദ്‌വ്യവസ്ഥയിൽ ഞെരുക്കമുണ്ടാകാമെന്നും ചൂണ്ടിക്കാട്ടി. 41ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു നിർമല.

1.65 കോടി രൂപ 2020 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാരമായി നൽകിയെന്നും 13,806 കോടി രൂപ മാർച്ചിൽ അനുവദിച്ചുവെന്നും നിർമലാ സീതാരാമൻ ചൂണ്ടിക്കാട്ടി. കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്ടം പിന്നീട് ചർച്ച ചെയ്യുമെന്നും നികുതി നഷ്ടം ഒഴിവാക്കുന്നതിന് സംസ്ഥാനങ്ങൾക്ക് റിസർവ് ബാങ്കിലൂടെ കൂടുതൽ കടമെടുക്കാമെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി. ഏകദേശം 3 ലക്ഷം കോടി രൂപയാണ് ജി.എസ്.ടി നഷ്ടപരിഹാരമായി ഈ വർഷം നൽകേണ്ടി വരിക. 1.50 ലക്ഷം കോടിയാണ് ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള മാസങ്ങളിൽ നൽകാനുള്ളത്. റിസർവ് ബാങ്കിൽ നിന്നും പണം കടമെടുക്കാനുള്ള സാദ്ധ്യതയെ പറ്റി സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രം തേടിയിട്ടുണ്ട്. നികുതി കൂട്ടുന്ന കാര്യത്തിൽ യോഗത്തിൽ ചർ‌ച്ച നടന്നില്ല.

ജി.എസ്.ടി കുടിശിക നൽകാൻ കേന്ദ്ര സർക്കാരിന് നിയമപരമായ ബാദ്ധ്യതയുണ്ടെന്ന് ബി.ജെ.പി ഇതര പാർട്ടികൾ പറഞ്ഞിരുന്നു. നികുതി പിരിവ് കുറഞ്ഞതിനാൽ തങ്ങൾക്ക് അത് കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. നികുതി വരുമാനത്തിന്റെ നിശ്ചിത വിഹിതം സംസ്ഥാനങ്ങൾക്ക് നൽകണമെന്നാണ് ജി.എസ്.ടി കൗൺസിൽ നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ കുറേ നാളായി ഇത് മുടങ്ങി. സംസ്ഥാനങ്ങളെ ഇത് പ്രതിസന്ധിയിലാക്കി. സംസ്ഥാനങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് ജി.എസ്.ടി കൗൺസിൽ യോഗം ഇന്ന് ചേർന്നത്.