pic

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തന്റെ സൂത്രധാരനും ജയ്ഷ് ഇ മുഹമ്മദ് തലവനുമായ മൗലാന മസൂദ് അസ്ഹറിന്
പാകിസ്ഥാൻ അഭയം നൽകുന്നുവെന്ന് ഇന്ത്യ. 2000ൽ ഹെെജാക്ക് ചെയ്യപ്പെട്ട വിമാനത്തിലെ 155 യാത്രക്കാർക്ക് പകരമായി ഇന്ത്യയിൽ നിന്നും ജയിൽ മോചിതനായ മസൂദ് അസ്ഹർ പിന്നീട് ഭീകര സംഘടനയായ ജയ്ഷ് ഇ മുഹമ്മദ് സ്ഥാപിക്കുകയായിരുന്നു.

"പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ തന്നെ ജയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു. സംഘടനയും അതിന് നേതൃത്വം നൽകുന്നതും പാകിസ്ഥാനിൽ നിന്നാണ്. കുറ്റപത്രത്തിലെ ആദ്യത്തെ പ്രതി മസൂദ് അസർ പാകിസ്ഥാനിൽ അഭയം കണ്ടെത്തുന്നത് ഖേദകരമാണ്.ആവശ്യമായ തെളിവുകൾ നൽകിയെങ്കിലും പാകിസ്ഥാൻ നടപടിയെടുത്തില്ല." വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. 2008ലെ മുംബയ് ഭീകരാക്രമണത്തിന് ശേഷം സുപ്രധാന തെളിവുകൾ നൽകിയിട്ടും പാകിസ്ഥാൻ അതിൽ നടപടിയെടുത്തിട്ടില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

2019 ഫെബ്രുവരി 14 നാണ് പൂൽവാമയിൽ സി.ആർ.പി.എഫ് ജവാൻമാർക്ക് നേരെ ആക്രമണം നടന്നത്. തുടർന്ന് ഒന്നരവർഷത്തെ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഭീകരവാദ പ്രവർത്തനങ്ങളെയും കുറ്റവാളികളെയും നിയമത്തിന് മുന്നിൽ എത്തിക്കുന്നതിനായാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ഇന്ത്യയേയും പാകിസ്ഥാനേയും യുദ്ധത്തിന്റെ വക്കിലെത്തിച്ച പൂൽവാമ ഭീകരാക്രമണത്തിൽ 40 ഇന്ത്യൻ സൈനികരാണ് മരണപ്പെട്ടിരുന്നത്. ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന നിർണായക രേഖകൾ കുറ്റപത്രത്തിൽ സമർപ്പിച്ചതായും അധികൃതർ പറഞ്ഞു.അതേസമയം ഇന്ത്യ സമർപ്പിച്ച കുറ്റപത്രം പാകിസ്ഥാൻ നിരസിച്ചു. ആക്രമണത്തിൽ പാകിസ്ഥാനെ പ്രതിച്ചേർക്കാനുളള ശ്രമമാണ് ഇന്ത്യ നടത്തുന്നത്. ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്കു തെളിയിക്കുന്ന ഒരു രേഖ പോലും നൽകാൻ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്നും പാകിസ്ഥാൻ വക്താവ് ആരോപിച്ചിരുന്നു.