covid

കൊച്ചി: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതി ജൂലായിൽ കുത്തനെ ഇടിഞ്ഞു. ഡോളർ നിരക്കിൽ 23 ശതമാനവും രൂപയിൽ 16 ശതമാനവും ഇടിവ് നേരിട്ടു. കൊവിഡിൽ തൊഴിലാളിക്ഷാമം മൂലം ഉത്‌പാദനവും വിതരണവും താറുമാറായതമാണ് തിരിച്ചടിയായത്.

ഏറ്രവും വലിയ വിപണിയായ അമേരിക്കയിലേക്കുള്ള കയറ്റുമതി 14 ശതമാനവും ചൈനയിലേക്കുള്ളത് അഞ്ചു ശതമാനവും ഇടിഞ്ഞു. അതേസമയം, ചൈനയിലേക്കുള്ള കയറ്റുമതി കുറഞ്ഞ പശ്‌ചാത്തലത്തിൽ മറ്റു വിപണികളിൽ കൂടുതൽ ശ്രദ്ധിക്കാൻ കയറ്റുമതിക്കാർക്ക് കഴിഞ്ഞുവെന്ന് ഇക്വിറസ് സെക്യൂരിറ്റീസിന്റെ റിപ്പോർട്ട് വ്യക്തമാക്കി.

ഇസ്രയേൽ, ഇറ്റലി, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ബ്രിട്ടൻ എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി വർദ്ധിപ്പിച്ചത്. ചൈനയിൽ പ്രവർത്തിക്കുന്ന മത്സ്യസംസ്കരണ കമ്പനികൾ, അമേരിക്ക-ചൈന തർക്കത്തിന്റെ പശ്ചാത്തലത്തിൽ വിയറ്റ്നാം, ഇൻഡോനേഷ്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലേക്ക് കൂടുമാറിയതും ചൈനയിലേക്കുള്ള കയറ്റുമതിയെ ബാധിച്ചു.

കേരളത്തിൽ ചെമ്മീൻ ഉത്‌പാദനം കൊവിഡ് കാലത്ത് 308 കോടി രൂപയുടെ നഷ്‌ടം നേരിട്ടുവെന്ന് സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ബ്രാക്കിഷ്‌വാട്ടർ അക്വാകൾച്ചർ (സിബ) വ്യക്തമാക്കിയിരുന്നു. പ്രതിവർഷം 3,144 ഹെക്‌ടറിലായി 1,500 ടണ്ണാണ് കേരളത്തിലെ ഉത്പാദനം. കൊവിഡ് കാലത്ത് ആയിരക്കണക്കിനു പേർക്ക് തൊഴിലും നഷ്‌ടമായെന്ന് റിപ്പോർട്ടിലുണ്ട്.

തീറ്റ, വിത്ത് എന്നിവയുടെ ലഭ്യതക്കുറവാണ് കൊവിഡ് കാലത്ത് തിരിച്ചടിയായത്. 50 ശതമാനത്തോളം പേർ ചെമ്മീൻ കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ടായി. കൃഷിയിടത്തിന്റെ അളവ് 30 ശതമാനത്തോളവും കുറഞ്ഞു.