കേരളത്തിന്റെ രഞ്ജി ടീമിൽ കളിച്ച് ഇന്ത്യയുടെ ദേശീയ കുപ്പായമണിയുകയെന്നത് എവറസ്റ്റ് കീഴടക്കുന്നതിനെക്കാൾ പ്രയാസമായ കാലത്ത് അസാദ്ധ്യമായതിനെ സാദ്ധ്യമാക്കി തന്റെ പിന്മുറക്കാർക്കാകെ മാതൃകയാവുകയായിരുന്നു ടിനു യോഹന്നാൻ. ലോംഗ് ജമ്പിൽ ഏഷ്യൻ റെക്കാഡ് കുറിച്ചിട്ടുള്ള ഒളിമ്പ്യൻ ടി.സി യോഹന്നാന്റെ മകൻ തിരിച്ചടികളിൽ തളരാതെ പോരാടിയാണ് പ്രതിസന്ധികൾ ചാടിക്കടന്ന് അന്നുവരെ കേരളത്തിൽ നിന്നുള്ളവർക്ക് മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വാതിൽ തള്ളിത്തുറന്നത്.
കാലമെത്ര കഴിഞ്ഞാലും കേരള രഞ്ജി ടീമിൽ നിന്ന് ഇന്ത്യൻ ടീമിലെത്തിയ ആദ്യ താരമന്ന ഒരിക്കലും തകർക്കപ്പെടാത്ത റെക്കാഡ് ടിനുവിന് മാത്രം അവകാശപ്പെട്ടതാണ്. എളമക്കര ഭാവൻസ് വിദ്യാമന്ദിറിൽ പതിനൊന്നാംക്ലാസിൽ പഠിക്കുമ്പോൾ സ്വാന്റൺസ് ക്ലബ് സംഘടിപ്പിച്ച ഇന്റർസ്കൂൾ ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കാനിറങ്ങിയതാണ് ടിനുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. 1996 ടിനുവിന്റെ ബൗളിംഗ് കണ്ട സ്വാന്റൺസിന്റെ എല്ലാമെല്ലാമായ എൻ.എസ് കൃഷ്ണൻ നായർ ക്ലബിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ കീഴിലെ പരിശീലനം ടിനുവിലെ ക്രിക്കറ്ററെ തേച്ച് മിനുക്കി. അവിടുന്ന് എം.ആർഎഫ് പേസ് ഫൗണ്ടേഷനിലും കേരളത്തിന്റെ രഞ്ജി ടീമിലും ദേശീയ ക്രിക്കറ്ര് അക്കാഡമിയിലും എത്തി. 2001 ഡിസംബർ 3ന് തന്റെ 21-ാം വയസിൽ മൊഹാലിയിൽ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്രിൽ ഇന്ത്യൻ ജേഴ്സിയിൽ എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ വിക്കറ്ര് വീഴ്ത്തി തുടക്കം ഗംഭീരമാക്കി. നിലവിൽ കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായ ടിനു തന്റെ ശിഷ്യൻമാരിലൂടെ അസാദ്ധ്യമായി ഒന്നുമില്ലെന്ന് വീണ്ടും തെളിയിക്കാനൊരുങ്ങുകയാണ്.
ടിനുവിന്റെ നേട്ടങ്ങൾ
1. രഞ്ജി ട്രോഫിയിൽ കേരളത്തിന് വലിയ പ്രാധന്യമില്ലാതിരുന്ന കാലത്താണ് സ്വന്തം പ്രയത്നത്തിലൂടെ ടിനു ദേശീയ സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.
2.മലയാളികൾക്ക് ഇന്ത്യൻ ടീമിലേക്ക് എത്തണമെങ്കിൽ മറ്റേതെങ്കിലും സംസ്ഥാനങ്ങൾക്ക് വേണ്ടി രഞ്ജി കളിച്ചാലേ പറ്റൂ എന്ന ധാരണ തിരുത്തിയെഴുതുകയായിരുന്നു അദ്ദേഹം.
3.1999ൽ കേരളത്തിനായി ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം 2001ൽതന്നെ ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തി.
4. മൂന്നുവീതം ടെസ്റ്റ്, ഏകദിനങ്ങളിൽ ദേശീയ കുപ്പായമണിഞ്ഞ ടിനു അഞ്ചുവീതം വിക്കറ്റുകളും വീഴ്ത്തി.ഫസ്റ്റ്ക്ളാസിൽ 145 വിക്കറ്റുകളും ലിസ്റ്റ് എ മത്സരങ്ങളിൽ 63 വിക്കറ്റുകളും നേടി.
5. 2009വരെ ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിൽ തുടർന്ന അദ്ദേഹം ആ സീസണിൽ ഐ.പി.എൽ ക്ലബ് ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിലും അംഗമായിരുന്നു. ഇപ്പോൾ കേരള രഞ്ജി ടീം കോച്ച്.