messi

രണ്ട് പതി​റ്റാണ്ടായി​ തറവാടായി​രുന്ന ബാഴ്സലോണയി​ൽ നി​ന്ന് പോകാനുള്ള ലയണൽ മെസി​യുടെ തീരുമാനം ഉയർത്തുന്നത് നി​രവധി​ ചോദ്യങ്ങളാണ്. ബാഴ്സയും മെസി​യും തമ്മി​ലുള്ള കരാർ വ്യവസ്ഥകൾ താരത്തി​ന്റെ കൂടുമാറ്റം അത്ര ലളി​തമാക്കുകയി​ല്ല. പ്രത്യകി​ച്ച് മെസി​ പോകരുത് എന്ന് ക്ളബ് മാനേജ്മെന്റും ആരാധകരും ആഗ്രഹി​ക്കുമ്പോൾ. അതുകൊണ്ടുതന്നെ കോടതി​യും കേസും വി​ലക്കുമൊക്കെയായി​ മെസി​യുടെ കരി​യർ തന്നെ കലുഷി​തമാക്കുന്ന രീതി​യി​ലേക്ക് അത് പോയേക്കാം.

ഇനി​ മെസി​ക്ക് ബാഴ്സ വിടാൻ കഴി​ഞ്ഞാൽതന്നെ എങ്ങോട്ട് എന്നത് വലി​യ ചോദ്യം. മെസി​ ഒരു സാധാരണ താരമല്ലാത്തതി​നാൽ എങ്ങോട്ടുചെന്നാലും അവി​ടുത്തെ നി​ലവി​ലെ അവസ്ഥയ്ക്ക് വലി​യ മാറ്റംവരും. മെസി​ക്ക് വേണ്ടി​ അങ്ങനെയൊരുമാറ്റം വരുത്താൻ എത്ര ക്ളബുകൾ തയ്യാറാകും എന്നത് മറ്റൊരു ചോദ്യം. മെസി​ക്ക് വേണ്ടി​വരുന്ന വലി​യ തുക മുടക്കാൻ ആർക്കൊക്കെ കഴി​യുമെന്ന ചോദ്യവുമുണ്ട്.

കരാറി​ലെ തകരാറുകൾ

2017-ൽ പുതുക്കിയ കരാർ പ്രകാരം മെസിക്ക് ബാഴ്സയുമായി 2021 ജൂൺ വരെ കരാറുണ്ട്. എന്നാൽ ഒരോ സീസണിന്റെയും അവസാനം ക്ലബ് വിടാൻ മെസിക്ക് അവകാശമുണ്ടെന്ന വ്യവസ്ഥയോടെയായിരുന്നു ഈ കരാർ. ജൂൺ​ 10 ആണ് ഈ അവകാശം ഉപയോഗപ്പെടുത്താനുള്ള അവസാനതീയതിയായി വച്ചിരിക്കുന്നത്. ഈ തീയതി കഴിഞ്ഞതിനാൽ ഇനി പോകണമെങ്കിൽ അദ്ദേഹമോ വാങ്ങുന്ന ക്ളബോ 700 ദശലക്ഷം യൂറോ (ഏകദേശം 6150 കോടി രൂപ) നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് ബാഴ്സയുടെ നിലപാട്. കോവിഡ്-19 രോഗവ്യാപനം കാരണം സീസൺ നീട്ടിയതിനാൽ ജൂൺ 10 എന്ന തീയതി കണക്കാക്കാൻ സാധിക്കില്ലെന്നാണ് താരത്തിന്റെ നിയമോപദേശകരുടെ വാദം. ആഗസ്റ്റിലാണ് സീസൺ അവസാനിച്ചതെന്നും നിയമോപദേശകർ ചൂണ്ടിക്കാട്ടുന്നു.

തർക്കമായാൽ

ബാഴ്സലോണയുമായുള്ള കരാർ പ്രശ്നം പരിഹരിക്കാതെ മറ്റ് ഏതെങ്കിലും ക്ലബ്ബിൽ ചേരാൻ മെസ്സി തയ്യാറായാൽ അത് ഭാവിയിൽ താരത്തിനും ആ ക്ലബിനും തലവേദനയാകും.

പിന്നീട് വിഷയം ഫിഫയുടെ തർക്ക പരിഹാര സമിതിക്ക് മുന്നിലാകും വരിക. ബാഴ്സലോണയുടെ വാദത്തിനാണോ അതോ മെസ്സിയുടെ വാദത്തിനാണോ ഇവിടെ നിയമസാധുത ലഭിക്കുക എന്നത് അനുസരിച്ചിരിക്കും തുടർന്നുള്ള നടപടികൾ. ക്ലബ്ബിന്റെ വാദത്തിന് നിയമസാധുത ലഭിച്ചാൽ താരത്തിന് ഫിഫയുടെ വിലക്ക് വരെ ലഭിക്കാൻ സാധ്യതയുണ്ട്.

സിറ്റിയിലെത്തുമോ ?

തന്റെ പ്രി​യപ്പെട്ട മുൻ പരി​ശീലകൻ പെപ് ഗ്വാർഡി​യോളയുടെ മാഞ്ചസ്റ്റർ സി​റ്റി​യി​ലേക്ക് പോകാനാണ് മെസി​ ആഗ്രഹി​ക്കുന്നതെന്നാണ് റി​പ്പോർട്ടുകൾ. സി​റ്റി​ മാനേജ്മെന്റി​ന് മെസി​യെ വാങ്ങാനുള്ള താത്പര്യവും പണവുമുണ്ട്. പക്ഷേ മെസി​യെ സി​റ്റി​യി​ലേക്ക് എത്തി​ക്കുമോ എന്ന ചോദ്യത്തി​ന് കഴി​ഞ്ഞമാസവും പെപ് പറഞ്ഞ മറുപടി​ അദ്ദേഹം ബാഴ്സയി​ൽ കളി​ക്കുന്നത് കാണാനാണ് ഇഷ്ടമെന്നായി​രുന്നു. മെസി​ക്ക് ബാഴ്സയി​ൽ ലഭി​ച്ചി​രുന്ന പരി​ഗണനകൾ പെപ്പി​ന് നന്നായി​ അറി​യാം. അത് സി​റ്റി​യി​ൽ നൽകാനാകുമോ എന്ന് അദ്ദേഹത്തി​ന് സന്ദേഹവുമുണ്ട്.

ഇറ്റലി​ക്കുണ്ടോ ?

കഴിഞ്ഞ മാസം മെസിയുടെ പിതാവും ഏജന്റും ഇറ്റലിയിലെത്തി ഇന്റർമിലാന്റെ മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച നടത്തിയതായി വാർത്തയുണ്ടായിരുന്നു. അന്നത് കയ്യോടെ നിഷേധിച്ചിട്ടുണ്ടായിരുന്നെങ്കിലും മെസിയെ കിട്ടുമെങ്കിൽ വാങ്ങാൻ ഇന്റർ തയ്യാറാണ്. ക്രിസ്റ്റ്യാനോ കളിക്കുന്ന ലീഗിൽ മെസിയുമെത്തിയാൽ കളം കൊഴുക്കും. ക്രിസ്റ്റ്യാനോയ്ക്കൊപ്പം മെസിയെയും വാങ്ങാൻ യുവന്റസ് താത്പര്യം കാണിക്കാൻ സാദ്ധ്യതയില്ല.

പാരീസിലേക്ക് ?

ഇത്തവണ ചാമ്പ്യൻസ് ലീഗിൽ റണ്ണർഅപ്പായ പാരീസ് എസ്.ജിയും മെസിയെ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. അവിടേക്ക് മെസിയെ ആകർഷിക്കുന്ന മറ്റൊരു ഘടകം നെയ്മറുടെ സാന്നിദ്ധ്യമാണ്. നെയ്മർ ബാഴ്സ വിട്ടുപോയ ശേഷം അദ്ദേഹത്തെ തിരികെ കൊണ്ടുവരണമെന്ന് മെസി മാനേജ്മെന്റിനോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു. നെയ്മർക്കൊപ്പം കളിക്കാനുള്ള താത്പര്യം മുൻനിറുത്തി മെസി തീരുമാനമെടുക്കുമോ എന്ന് അറിയാനുണ്ട്.

സമ്മർദ്ദം മാത്രമോ ?

അതേസമയം തന്റെ വരുതി​ക്ക് നി​ൽക്കാത്ത ബാഴ്സ പ്രസി​ഡന്റ് ബാർത്തോമ്യൂവി​നെ സമ്മർദ്ദത്തി​ലാക്കാനുള്ള മെസി​യുടെ നീക്കം മാത്രമാണ് ഇതെന്ന് കരുതുന്നവർ ഇപ്പോഴുമുണ്ട്.മുമ്പ് അർജന്റീന ടീമി​ൽ നി​ന്ന് വി​രമി​ക്കൽ പ്രഖ്യാപി​ച്ച ശേഷം മെസി​ തി​രി​ച്ചുവന്നത് പോലെ ഈ ചുരുങ്ങി​യത് ഈ സീസണി​ലെങ്കി​ലും മെസി​ ബാഴ്സയി​ൽ തുടരുമെന്ന തോന്നലും ശക്തമാണ്.