machil

ശ്രീനഗർ: ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങൾ അന്യം നിൽക്കെ, കുപ്‌വാരയിലെ മാച്ചിൽ ഗ്രാമത്തിൽ നിന്ന് സന്തോഷവാർത്ത!. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 74 വർഷം പിന്നിടുമ്പോഴാണ് മാച്ചിൽ ഗ്രാമവാസികളുടെ 24മണിക്കൂറും വൈദ്യുതി ലഭിക്കണമെന്ന എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്. ഈ മേഖലയിൽ വൈദ്യുതി എത്തുന്ന രണ്ടാമത്തെ ഗ്രാമമാണിത്.

ഇന്ത്യ-പാകിസ്ഥാൻ നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള ഈ

മേഖലയിലെ ഗ്രാമങ്ങളിലേക്ക് ഡീസൽ- ജനറേറ്റർ ഉപയോഗിച്ചാണ് വൈദ്യുതി എത്തിച്ചിരുന്നത്. ദിവസത്തിൽ മൂന്ന് മണിക്കൂർ ഇത്തരത്തിൽ വൈദ്യുതി ലഭിക്കും. ജനറേറ്ററിന് പകരം ഗ്രിഡുകൾ മുഖേന ഈ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നതാണ് പുതിയ പദ്ധതി. ഇതുവഴി ഇനി 24 മണിക്കൂറും വൈദ്യുതി ലഭിക്കും. ഗ്രാമത്തിൽ 9 പഞ്ചായത്തുകളിലായി 25, 000 പേരാണ് താമസിക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തിൽ കാശ്‌മീരിലെ മറ്റൊരു അതിർത്തി ഗ്രാമമായ കേരനിൽ വൈദ്യുതി എത്തിയിരുന്നു. രണ്ടാം ഘട്ടത്തിലാണ് മാച്ചിൽ ഗ്രാമവും വൈദ്യുതീകരിച്ചത്. അടുത്ത വർഷത്തോടെ എല്ലാ അതിർത്തി പ്രദേശങ്ങളിലേക്കും വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ വ്യക്തമാക്കി.