കേപ്ടൗൺ : സൗത്ത് ആഫ്രിക്കയിലെ ഒരു സഫാരി പാർക്കിൽ 180 കിലോയിലേറെ ഭാരം വരുന്ന രണ്ട് വെള്ള സിംഹങ്ങളുടെ ആക്രമണത്തിൽ പരിസ്ഥിതി - വന്യജീവി സംരക്ഷക പ്രവർത്തകന് ദാരുണാന്ത്യം. വെസ്റ്റ് മാത്യൂസൺ എന്ന 68കാരനാണ് കൊല്ലപ്പെട്ടത്. പൂർണ വളർച്ചയെത്തിയ ടാനർ, ഡെമി എന്ന് പെൺ സിംഹങ്ങളാണ് ആക്രമണം നടത്തിയത്. ഈ രണ്ട് സിംഹങ്ങളെയും മാത്യുസൺ തന്നെയാണ് വളർത്തിയിരുന്നത്. രാവിലെ പ്രഭാത സവാരിയ്ക്കായി ഇവയെ കൂട്ടിൽ നിന്നും മാത്യുസൺ പുറത്തിറക്കുകയായിരുന്നു. തുടർന്ന് പ്രകോപനങ്ങൾ കൂടാതെ സിംഹങ്ങൾ ഇദ്ദേഹത്തിന് നേരെ തിരിയുകയായിരുന്നു. മാത്യുസണിന്റെ ഭാര്യ 65 കാരിയായ ജില്ലിന്റെ കൺമുന്നിൽ വച്ചായിരുന്നു ആക്രമണം. മാത്യൂസണിനെ രക്ഷിക്കാൻ ജിൽ ശ്രമിച്ചെങ്കിലും വിഫലമായി. മയക്കുവെടി വച്ചാണ് സിംഹങ്ങളെ ഇവിടെ നിന്നും മാറ്റിയത്. ജോഹന്നാസ്ബർഗിന് വടക്ക് 280 മൈൽ അകലെയാണ് ലയൺ ട്രീ ടോപ്പ് ലോഡ്ജ് എന്ന സവാരി പാർക്ക് മാത്യുസൺ നടത്തുന്നത്. 2017ൽ ഈ സിംഹങ്ങൾ തന്നെ തങ്ങളുടെ കൂട് തകർത്ത് ഒരാളെ കൊന്നിരുന്നു.