ന്യൂഡൽഹി: വ്യാജ വാർത്തകൾ പെയ്ഡ് ന്യൂസിനേക്കാൾ അപകടകരമാണന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ. വ്യാജ വാർത്തകളുടെ ഭീഷണികൾ ഒഴിവാക്കാൻ ഡിജിറ്റൽ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി നിർദേശിച്ചു.
വ്യാജ വാർത്തകൾ എന്താണോ അത്രത്തോളം അപകടകരമല്ല പെയ്ഡ് ന്യൂസ്. വ്യാജ വാർത്തകൾക്ക് സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ശക്തിയുണ്ട്. സോഷ്യൽ മീഡിയ വഴി കൃത്രിമമായി നിർമ്മിക്കപ്പെടുന്ന പൊതുബോധം പൊതുജീവിതത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐ.എ.എം.എ.ഐയുടെ വിർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യാജ വാർത്ത ഭീഷണി ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളെ ബാധിച്ചിട്ടുണ്ടെന്നും ഇവ തടയാൻ പല രാജ്യങ്ങളും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക ഫാക്ട് ചെക്ക് ടീമിനെ രൂപീകരിച്ച് ഡിജിറ്റൽ മാദ്ധ്യമങ്ങൾ വഴിയുള്ള വ്യാജ വാർത്തകൾ തടയാൻ സർക്കാർ മുൻകൈ എടുത്തിട്ടുണ്ട്. വ്യാജ വാർത്തകൾ സർക്കാർ ശ്രദ്ധിക്കുന്നുണ്ട്. അതിനാലാണ് 2019 ഒക്ടോബറിൽ പി.ഐ.ബി ഫാക്ട് ചെക്ക് യൂണിറ്റ് ആരംഭിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും പി.ഐ.ബി ഫാക്ട് ചെക്ക് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.