ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ പ്രതിരോധ കമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്.എ.എൽ) 15 ശതമാനം വരെ ഓഹരികൾ കേന്ദ്രം വിറ്റഴിച്ചേക്കും. ഇതുവഴി 5,000 കോടി രൂപവരെ സമാഹരിക്കുകയാണ് ഉന്നം. കൊവിഡിൽ നികുതി വരുമാനം കുറഞ്ഞ പശ്ചാത്തലത്തിലാണ്, ക്ഷേമപദ്ധതികൾക്കും മറ്റു പ്രവർത്തനങ്ങൾക്കും പണം കണ്ടെത്താൻ പൊതുമേഖലാ ഓഹരി വില്പന കേന്ദ്രം ഊർജിതമാക്കുന്നത്.
33.4 ദശലക്ഷം ഓഹരികളാകും കേന്ദ്രം വിറ്റഴിക്കുകയെന്നും ഇതു മൊത്തം ഓഹരി പങ്കാളിത്തതിന്റെ പത്തു ശതമാനം വരുമെന്നും ബോംബെ ഓഹരി വിപണിക്ക് സമർപ്പിച്ച കത്തിൽ എച്ച്.എ.എൽ വ്യക്തമാക്കി. യോഗ്യരായ നിക്ഷേപകസ്ഥാപനങ്ങൾ, റീട്ടെയിൽ നിക്ഷേപകർ എന്നിവർക്കാണ് ഓഹരി വാങ്ങാനാവുക. മികച്ച പ്രതികരണം ലഭിച്ചാൽ അധികമായി അഞ്ചു ശതമാനം ഓഹരികൾ കൂടി വിറ്റഴിക്കും; ഇത് 16.7 ദശലക്ഷം ഓഹരികൾ വരും.
നിലവിൽ, എച്ച്.എ.എൽ ഓഹരി വില 1,177 രൂപയാണെങ്കിലും ഓഹരിയൊന്നിന് 1,001 രൂപ നിരക്കിലായിരിക്കും കേന്ദ്രത്തിന്റെ വില്പന നടപടി. 2018ൽ ഐ.പി.ഒയിലൂടെ ഓഹരി വിപണിയിലെത്തിയ എച്ച്.എ.എല്ലിന്റെ 90 ശതമാനം ഓഹരികളും സർക്കാരിന്റെ കൈവശമാണ്. മിഗ്-21, മിഗ്-27, ജാഗ്വാർ തുടങ്ങിയ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന എച്ച്.എ.എൽ 'നവരത്ന" കമ്പനിയാണ്.