ബംഗളൂരു: ബംഗളൂരു നഗരത്തിൽ വൻ ലഹരിവേട്ട. സീരിയൽ-ടി.വി. താരം ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. പിന്നാലെ അന്വേഷണം സിനിമാതാരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. നഗരത്തിന്റെ വിവിധയിടങ്ങളിൽ വൻ ലഹരി മരുന്നു വിൽപ്പന നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സീരിയൽ നടി ഉൾപ്പെടെ പിടിയിലായത്. ഇവരിൽ നിന്ന് വൻതോതിൽ ലഹരിമരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു.
സീരിയൽ താരം അനിഖ ഉൾപ്പെടെ മൂന്ന് പേരെയാണ് ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാർകോട്ടിക്സ്
അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 21-നാണ് കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് ഹോട്ടലിൽനിന്ന് 145 ഓളം വരുന്ന എം.ഡി.എം.എ ലഹരിഗുളികൾ ഇവരിൽ നിന്നും പിടിച്ചെടുത്തത്.പിന്നാലെ അനിഖയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ 270 എം.ഡി.എം.എ ലഹരിഗുളികകളും ബംഗളൂരുവിലെ തന്നെ മറ്റൊരു വീട്ടിൽനിന്ന് 180 എൽ.എസ്.ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തു.
കന്നഡ സിനിമയിലെ പ്രമുഖ താരങ്ങളും സംഗീതജ്ഞരും ചില ഉന്നതരുടെ മക്കളും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡയറക്ടർ കെ.പി.എസ്. മൽഹോത്ര പറഞ്ഞു. അനിഖയ്ക്കൊപ്പം പിടിയിലായ രവീന്ദ്രനും അനൂപുമാണ് ലഹരിമരുന്നുകളുടെ പ്രധാന വിതരണക്കാർ. ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെയായിരുന്നു ഇവരുടെ വിൽപ്പന.സീരിയൽ നടി അനിഖയും ലഹരി വ്യാപാരത്തിൽ ചേർന്നതോടെ വ്യാപാരം പൊടിപൊടിക്കുകയായിരുന്നു. അനിഖയുടെ ബന്ധങ്ങൾ ഉപയോഗിച്ച് സിനിമാമേഖലയിലേക്കും ഇവർ ലഹരി വിൽപന നടത്തി.
ഇവരുടെ ഫോണിൽനിന്ന് രണ്ടായിരത്തോളം പേരുടെ നമ്പറുകളാണ് നാർകോട്ടിക്സ് സംഘം കണ്ടെടുത്തത്. ഇതിൽ കന്നഡ സിനിമാ താരങ്ങളും പ്രമുഖ സംഗീതജ്ഞരും വി.ഐ.പി.കളുടെ മക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മാത്രമല്ല, നഗരത്തിലെ നിരവധി കോളേജ് വിദ്യാർഥികൾക്കും ഇവർ ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നതായും അധികൃതർ പറഞ്ഞു. അതേസമയം ഇന്ന് നഗരത്തിന്റെ മറ്റൊരിടത്ത് നിന്ന് 204 കിലോ കഞ്ചാവ് സിറ്റി ക്രൈംബ്രാഞ്ചിന്റെ ആന്റി നാർകോട്ടിക്സ് വിഭാഗം പിടികൂടി. ബംഗളൂരു, മൈസൂരു മേഖലകളിലേക്ക് വിതരണം ചെയ്യാനെത്തിച്ച കഞ്ചാവാണ് പിടികൂടിയത്.