ന്യൂഡൽഹി: അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്ത് എക്കാലത്തെയും മികച്ച കാമുകനായിരുന്നുവെന്ന് നടി റിയ ചക്രബർത്തി. തങ്ങളുടെ പ്രണയം സിനിമയിലെ മായാജാല കഥ പോലെയായിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ആളാണ് നടി റിയ ചക്രബർത്തി. വിവിധ അന്വേഷണ ഏജൻസികൾ ഇതിനോടകം തന്നെ റിയയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുശാന്ത്മായുളള പ്രണയ ബന്ധം വെളിപ്പെടുത്തി റിയ രംഗത്ത് വന്നിരിക്കുന്നത്.
ജൂൺ 14 നാണ് സുശാന്ത് മരണപ്പെടുന്നത്. ഇതിന് ദിവസങ്ങൾക്ക് മുമ്പായി തന്നോട് വീട് വിട്ട് പോകാൻ സുശാന്ത് ആവശ്യപ്പെട്ടിരുന്നു. സുശാന്ത് തിരികെ വിളിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് മരണ വാർത്ത അറിഞ്ഞതെന്നും റിയ പറയുന്നു. സുശാന്ത് ആത്മഹത്യ ചെയ്തതായി ഒരു സുഹൃത്തിൽ നിന്നുമാണ് ആദ്യമറിഞ്ഞതെന്നും തുടർന്ന് വാർത്ത സ്ഥിരീകരിക്കുകയായിരുന്നുവെന്നും റിയ പറഞ്ഞു. സുശാന്തിന്റെ മരണ വാർത്ത തന്നെ ഏറെ തളർത്തിക്കളഞ്ഞുവെന്നും തന്റെ പ്രണയം നഷ്ടമായെന്നും റിയ കൂട്ടിചേർത്തു. സുശാന്ത് തനിക്ക് ഒപ്പമുളളതായി വിശ്വസിക്കുന്നതായും റിയ പറഞ്ഞു. ഒന്നരവർഷമായി സുശാന്തിനൊപ്പമാണ് താമസമെന്നും സുശാന്ത് എക്കാലത്തെയും മികച്ച കാമുകനായിരുന്നുവെന്നും റിയ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് റിയ ഇക്കാര്യം വ്യക്തമാക്കിയത്.