covid-test

ജനീവ: സ്വീഡനിൽ ചെെനയുടെ കൊവിഡ് പരിശോധന കിറ്റ് ഉപയോഗിച്ച 3700 പേരുടെ ഫലം തെറ്റായി കാണിച്ചു. 3700 പേർക്ക് കൊവിഡ് പോസിറ്റീവാണെന്ന തെറ്റായ ഫലമാണ് ലഭിച്ചത്. ചെെനയിലെ ബി.‌ജി‌.ഐ ബയോടെക്നോളജി എന്ന സ്വകാര്യ കമ്പനി നിർമിച്ച പി.സി.ആർ പരിശോധന കിറ്റുകളാണിത്. കൊവിഡ് വെെറസുകളെ കണ്ടെത്തി രോഗം സ്ഥിരീകരിക്കുന്നതിന് ഏറെ ക്ഷമതയുളള പി.സി.ആർ കിറ്റുകളാണ് തങ്ങളുടെതെന്ന് ബി.‌ജി‌.ഐ ബയോടെക് അവകാശവാദം ഉയർത്തിയതിന് പിന്നാലെയാണ് സ്വീഡനിൽ 3700 പേർക്ക് പരിശോധനാ ഫലം തെറ്റായി കാണിച്ചത്.

സ്വീഡനിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടന ബി.‌ജി‌.ഐ ബയോടെക്കുമായി ചർച്ച നടത്തി. സംഭവത്തിൽ വ്യക്തത വരാൻ സ്വീഡനിൽ പരിശോധന നടത്തിയതെങ്ങനെയെന്ന് അറിയണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. കമ്പനിയോട് കാരണം കാണിക്കാൻ ആവശ്യപ്പെട്ട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു. അടിയന്തര പരിശോധനകൾക്കായി ഈ കിറ്റുകൾ അംഗീകരിച്ചിരുന്നതായി പരിശോധന രീതിയിലുണ്ടായ ക്രമക്കേടുകളാകാം ഫലം തെറ്റായി കാണിച്ചതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.