jee-neet-exam

ന്യൂഡൽഹി: ജെഇഇ-നീറ്റ് പരീക്ഷകളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. സെപ്തംബർ ഒന്നുമുതൽ ആറ് വരെ പരീക്ഷകൾ നടന്നേക്കും. പരീക്ഷകൾക്കായി 660 കേന്ദ്രങ്ങൾ സജ്ജമാക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷാനടപടികളോടെ പരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.

രണ്ട് പരീക്ഷകൾക്കുമായി പത്ത് ലക്ഷം മാസ്ക്കുകൾ, ഇരുപത് ലക്ഷം കയ്യുറകൾ, 1300 തെർമൽ സ്കാനറുകൾ, 6600 ലിറ്റർ സാനിറ്റൈസർ എന്നിവ സജ്ജമാക്കിയതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി. പരീക്ഷ നടത്തിപ്പിനായി മാത്രം 13 കോടി രൂപയാണ് വകമാറ്റുന്നത്.

വിദ്യാർഥികൾക്ക് പരീക്ഷ നടത്തണമെന്നാണ് ആഗ്രഹമെന്നും, ഇതിന്റെ സൂചനയാണ് പതിനേഴ് ലക്ഷത്തിലേറെ വിദ്യാർഥികൾ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ പറഞ്ഞു.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിനെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് രൂക്ഷവിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ ഇന്ന് ഹർജി സമർപ്പിക്കുമെന്നാണ് സൂചന.