kayikarathna

 കായികരത്ന: ജോപോൾ അഞ്ചേരി​,ഒളി​മ്പ്യൻ അനി​ൽകുമാർ, ജോബി​ ജോസഫ്, ടി​നു യോഹന്നാൻ,അപർണ ബാലൻ

 ആചാര്യരത്ന:ടി​.കെ ചാത്തുണ്ണി​, ടി​.പി​ ഔസേഫ്,പി.എ ജോസഫ്

തി​രുവനന്തപുരം: ദേശീയ കായികദിനത്തിൽ കേരളത്തിന്റെ അഭിമാനതാരങ്ങൾക്ക് ആദരവായി കേരളകൗമുദി കായിക പുരസ്‌കാരം. ദേശീയ- അന്തർദേശീയ മത്സരങ്ങളിൽ നേട്ടങ്ങൾ കൊയ്‌ത് ജന്മനാടിന്റെ യശസ്സുർത്തിയ താരങ്ങൾക്കും പരിശീലകർക്കും കേരളകൗമുദി ഏർപ്പെടുത്തിയ പ്രഥമ കായികരത്ന, കായികാചാര്യ പുരസ്‌കാരങ്ങൾ എട്ടു പേർക്ക്.

ഒരു വ്യാഴവട്ടത്തോളം ഇന്ത്യൻ ഫുട്ബാൾ ടീം അംഗമായിരുന്ന ജോപോൾ അഞ്ചേരി​, മുൻ ഇന്ത്യൻ വോളി​ബാൾ ക്യാപ്ടൻ ജോബി​ ജോസഫ്, 100 മീറ്ററിൽ ദേശീയ റെക്കാഡി​ന് ഉടമയും ഒളി​മ്പ്യനുമായ പി. അനി​ൽകുമാർ, കേരളത്തിനായി രഞ്ജിട്രോഫി കളിച്ച് ആദ്യമായി ഇന്ത്യൻ ക്രി​ക്കറ്റ് ടീമി​ലെത്തിയ മലയാളി​ ടി​നു യോഹന്നാൻ, നി​രവധി​ അന്താരാഷ്ട്ര ബഹുമതികൾ നേടി​യ വനി​താ ബാഡ്മി​ന്റൺ​ താരം അപർണാ ബാലൻ എന്നി​വർക്കാണ് കായി​കരത്ന ബഹുമതി.

ഇന്ത്യയിലെ മുൻനിര ഫുട്ബാൾ ക്ളബുകളു‌ടെ പരിശീലകനായിരുന്ന ടി.കെ ചാത്തുണ്ണി, ഒളിമ്പ്യന്മാർക്ക് പരിശീലനം നൽകിയിട്ടുള്ള അത്‌ലറ്റിക് കോച്ച് ടി.പി ഒൗസേഫ്, കോഴിക്കോട് സായ്‌‌യിലൂടെ ഇന്ത്യൻ വോളിബാളിലേക്ക് നിരവധി പ്രതിഭകളെ കൈപിടിച്ചുയർത്തിയ വോളിബാൾ കോച്ച് പി.എ ജോസഫ് എന്നിവർ ആചാര്യരത്ന പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു.

അർജുന അവാർഡ് ജേതാവായ മുൻ ഇന്ത്യൻ വോളിബാൾ ക്യാപ്ടൻ ടോം ജോസഫ് അദ്ധ്യക്ഷനായ മൂന്നംഗ സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. അർജുന അവാർഡ് ജേതാവും ഒളിമ്പ്യനുമായ പ്രീജാ ശ്രീധരൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ സെക്രട്ടറിയും എം.ജി യൂണിവേഴ്സിറ്റി സ്പോർട്സ് ഡയറക്ടറുമായ ബിനു ജോർജ് എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ.

ദേശീയ കായിക പുരസ്കാരങ്ങൾക്ക് അർഹരായ സമകാലീനർക്കൊപ്പം മികവു പുലർത്തിയവരാണ് ഇവരെന്നും കേരളത്തിന്റെ കായിക ചരിത്രത്തിൽ തനതു മുദ്ര പതിപ്പിച്ച ഈ കായിക താരങ്ങളെ ആദരിക്കാനും, പുതുതലമുറയ്ക്ക് പ്രചോദനവും ഊർജ്ജവുമാകട്ടെയെന്ന ആഗ്രഹത്തോടെ ഇവരുടെ നേട്ടങ്ങളെ കൃതജ്ഞതാപൂർവം വീണ്ടും അവതരിപ്പിക്കാനുമാണ് ശ്രമിച്ചതെന്നും പുരസ്കാര നിർണയ സമിതി വിലയിരുത്തി. കൊവിഡ് നിയന്ത്രണങ്ങൾ കാരണം പൊതുചടങ്ങ് സാദ്ധ്യമല്ലാത്തതിനാൽ പുരസ്കാരങ്ങൾ പിന്നീട് ജേതാക്കളുടെ വീടുകളിലെത്തി കേരളകൗമുദി കൈമാറും.