ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് തൃശൂർ വരെയും, തൃശൂരിൽ നിന്ന് കാസർകോടുവരെയുമാണ് സർവീസുകൾ. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്കാണ് യാത്രയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തുക.


സെപ്തംബർ രണ്ടാം തീയതി വരെയാണ് ദീർഘദൂര സർവീസുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. രാവിലെ ആറ് മുതൽ രാത്രി പത്ത് വരെയാണ് സർവീസുകൾ നടത്തുക.ഓണത്തോടനുബന്ധിച്ചാണ് പൊതുഗതാഗത സംവിധാനത്തിൽ ഇളവുകൾ വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ബസ് സർവീസ് നടത്തുക.

കൂടാതെ ഓണക്കാലത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 25.08.2020 മുതൽ 06.09.2020 വരെ കെ.എസ്.ആർ.ടി.സി തിരുവനന്തപുരം - ചെന്നെ സൂപ്പർ ഡീലക്സ് സർവീസ് നടത്തുന്നു. ഈ സർവീസുകളിൽ 10% അധിക നിരക്ക് അടക്കം End to End വ്യവസ്ഥയിലാണ് ടിക്കറ്റുകൾ കെ.എസ്.ആർ.ടി.സിയുടെ ഓൺലൈൻ റിസർവേഷൻ വെബ്സൈറ്റായ online.keralartc.com ലൂടെ 20.08.2020 മുതൽ ലഭ്യമാണ്.


കേരള, തമിഴ്നാട് സർക്കാരുകൾ ഏർപ്പെടുത്തുന്ന കൊവിഡ് പ്രൊട്ടോക്കോൾ കർശനമായി പാലിക്കാൻ ടിക്കറ്റ് റിസർവ് ചെയ്യുന്ന യാത്രക്കാർ ബാദ്ധ്യസ്ഥരായിരിക്കും. എല്ലാ യാത്രക്കാരും കൊവിഡ് ജാഗ്രതാ പോർട്ടലിൽ http://covid19jagratha.kerala.nic.in രജിസ്റ്റർ ചെയ്ത് യാത്രാവേളയിൽ കേരളത്തിലേക്കുള്ള യാത്രാ പാസ്സ് ഹാജരാക്കിയാൽ മാത്രമേ യാത്രാനുമതി ലഭിക്കുകയുള്ളൂ. യാത്രാ ദിവസം ആവശ്യമായ യാത്രക്കാരില്ലാതെ ഏതെങ്കിലും സർവ്വീസ് റദ്ദാക്കേണ്ടി വന്ന സാഹചര്യമുണ്ടായാൽ യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുന്നതാണ്.


യാത്രാ ദിവസം കേരള, തമിഴ്നാട് സർക്കാരുകൾ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പാലിക്കാൻ യാത്രക്കാർ ബാദ്ധ്യസ്ഥരാണ്. ഏതെങ്കിലും യാത്രക്കാരൻ ഇതിന് വിസമ്മതിക്കുന്ന പക്ഷം ടിക്കറ്റ് ചാർജ്ജ് റീഫണ്ട് ചെയ്ത് നൽകുന്നതാണ്. യാത്രക്കാർ യാത്രയിലുടനീളം മാസ്ക്ക് നിർബ്ബസമായും ധരിക്കേണ്ടതാണ്. യാത്രക്കാർ യാത്ര ആരംഭിക്കുന്നതിന് മുൻപായി തങ്ങളുടെ മൊബൈലിൽ ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.