തിരുവനന്തപുരം: ഫേസ്ബുക്കിൽ ഹണിട്രാപ്പ് വലയൊരുക്കി ഉത്തരേന്ത്യൻ സംഘം. സംഭവത്തിൽ സൈബർ സെൽ കേസെടുത്ത് അന്വേഷണം തുടങ്ങി. സ്ത്രീകളെന്ന വ്യാജേന സൗഹൃദമുണ്ടാക്കിയാണ് പണം തട്ടുന്നത്. നൂറിലധികം പേർ വഞ്ചിക്കപ്പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
വീഡിയോ കോളിലൂടെ നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടുന്നത്. ഹണി ട്രാപ്പിന് പിന്നിൽ സ്ത്രീകൾ ഉൾപ്പെടെ വലിയ സംഘങ്ങളുണ്ടെന്ന് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ പറഞ്ഞു.
ആദ്യം തട്ടിപ്പുസംഘം പെണ്‍കുട്ടികളുടെ ഫേസ്ബുക്ക് പ്രൊഫൈലുകളിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയക്കും. അത് 'ആക്സപ്റ്റ്' ചെയ്യുന്നവർക്ക് ഇന്‍ബോക്‌സില്‍ സന്ദേശങ്ങള്‍ അയക്കും. അശ്ലീല സംഭാഷണങ്ങളിലൂടെ സൗഹൃദം ഉണ്ടാക്കും.പിന്നെ വീഡിയോ കോളില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച് വിശ്വാസമാര്‍ജിക്കും. ഈസമയം പലരും സ്വന്തം നഗ്‌നദൃശ്യങ്ങൾ പങ്കുവയ്ക്കും. ഇതു പകർത്തിയ ശേഷം തട്ടിപ്പുസംഘം ഭീഷണിയും, വിലപേശലും തുടങ്ങും.