തിരുവനന്തപുരം: ജൂലായ് പകുതി മുതൽ കേരളത്തിൽ കൊവിഡ് മരണങ്ങൾ കൂടിയെന്ന് ഡെത്ത് ഓഡിറ്റ് റിപ്പോർട്ട്. ആരോഗ്യ വകുപ്പാണ് ഡെത്ത് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരിലേറെയും പുരുഷൻമാരാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ജൂലായിൽ നടന്ന 63 മരണങ്ങൾ ഓഡിറ്റ് ചെയ്‌തതിൽ 51 പേരുടെ മരണമാണ് കൊവിഡ് മരണമായി കണക്കാക്കിയിട്ടുള്ളത്. കൊവിഡിന്റെ തീവ്ര വ്യാപനം നേരിടാൻ സർക്കാർ ആശുപത്രികളിലേക്കായി 865 വെന്റിലേറ്ററുകൾ പുതിയതായി വാങ്ങി. കേന്ദ്രത്തിന്റെ കൂടി സഹായത്തോടെയാണിത്. ആംബുലൻസുകളിലടക്കം ഓക്സിജൻ സംവിധാനവും ഏർപ്പെടുത്തി.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവിൽ ഏറെയും 64 വയസ് മുതൽ 85 വയസ് വരെയുള്ളവരാണ്. മരിച്ച ആളുകളിലെ ഏറ്റവും കുറഞ്ഞ പ്രായം 28 ആണ്. മരിച്ചവരിൽ 35 ശതമാനം പുരുഷന്മാരാണ്. 16 ശതമാനമാണ് സ്ത്രീകൾ. 13 പേർ മരിച്ച എറണാകുളം ജില്ലയിലാണ് ജൂലായിൽ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ നടന്നിരിക്കുന്നത്. തൊട്ടുപിന്നിൽ എട്ട് പേർ മരിച്ച തിരുവനന്തപുരമാണ്.
കൊവിഡ് മരണങ്ങളിൽ കൊവിഡ് ബാധ മാത്രം ഉണ്ടായിരുന്നവർ 6 ശതമാനം മാത്രമാണ്. മരിച്ചവരിൽ 65 ശതമാനം പേർക്ക് ഉയർന്ന രക്തസമ്മർദവും 69ശതമാനം പേർക്ക് പ്രമേഹവും ഉണ്ടെന്ന് കണ്ടെത്തി. മരിച്ചവരിൽ 12 ശതമാനം പേർക്ക് അർബുദം ഉണ്ടായിരുന്നതായും ഡെത്ത് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.