കോഴിക്കോട്: പ്രതിപക്ഷം ഉന്നയിച്ച ഒരു അഴിമതി ആരോപണങ്ങൾക്കും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങളല്ല വസ്‌തുതകളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഒരു സർക്കാരും ചെയ്യാൻ പാടില്ലാത്ത തീവെട്ടിക്കൊള്ളയാണ് ഈ സർക്കാർ നടത്തിയത്. സർക്കാർ നടത്തിയ നിയമ വിരുദ്ധവും ചട്ടവിരുദ്ധവുമായ കാര്യങ്ങളാണ് പ്രതിപക്ഷം ഉയർത്തിയത്. അഞ്ച് എം.എൽ.എമാരാണ് സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചത്. മൂന്നേമുക്കാൽ മണിക്കൂർ നേരം പ്രസംഗിച്ച മുഖ്യമന്ത്രി ഒരു അഴിമതി ആരോപണത്തെപ്പറ്റിയും മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സ്വർണക്കടത്തിനെപ്പറ്റിയോ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്ന ഗുരുതര അഴിമതികളെപ്പറ്റിയോ മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. ശിവശങ്കറിനെപ്പറ്റി അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല. ഒരു ചോദ്യത്തിന് പോലും മുഖ്യമന്ത്രി ഉത്തരം നൽകിയില്ല. സസ്യകൃഷിയെ സംബന്ധിച്ചും മത്സ്യ കുഞ്ഞുങ്ങളെ കായലുകളിലും കുളങ്ങളിലും വിന്യസിക്കുന്നതിനെ സംബന്ധിച്ചും കിണറുകൾ റീച്ചാർജ് ചെയ്യുന്നതിനെപ്പറ്റിയുമാണ് മുഖ്യമന്ത്രി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസംഗം ഗവർണറുടേയും ധനമന്ത്രിയുടേയും പ്രസംഗങ്ങളുടെ കോപ്പിയടിയാണെന്നും ചെന്നിത്തല പരിഹസിച്ചു.
മൂന്നേമുക്കാൽ മണിക്കൂർ നേരം മുഖ്യമന്ത്രി പ്രസംഗിക്കുകയല്ല വായിക്കുകയായിരുന്നു. ആരും നോക്കി വായിക്കരുതെന്ന് നിയമസഭയുടെ ചട്ടങ്ങളിലുണ്ട്. എന്നിട്ടും മുഖ്യമന്ത്രിയോട് സ്പീക്കർ ഒന്നും പറഞ്ഞില്ല. പ്രസംഗം അവസാനിക്കാറായപ്പോൾ എഴുതി കൊടുത്ത ആരോപണങ്ങൾക്ക് പോലും മറുപടിയില്ലെന്ന് കണ്ടപ്പോഴാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. തങ്ങളാരും സ്‌പീക്കറിന്റെ കസേര മറിക്കുകയോ കമ്പ്യൂട്ടർ മറിച്ചിടുകയോ ചെയ്‌തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
തെറി മുദ്രാവാക്യമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തെറി ആരാ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് ജനങ്ങൾക്ക് അറിയാം. സ്വന്തം ശീലം വച്ച് മറ്റുള്ളവരെ അളക്കരുത്. കുലംകുത്തിയെന്നും പരനാറിയെന്നും നികൃഷ്‌ട ജീവിയെന്നും ഒക്കെ പൊതുസമൂഹത്തിൽ നിൽക്കുന്ന ആളുകളെ വിളിച്ച പിണറായി വിജയൻ പ്രതിപക്ഷത്തിനെ പഠിപ്പിക്കാൻ വരേണ്ട. കേരളത്തിലെ ജനങ്ങൾ ഈ സർക്കാരിനെതിരായ പ്രമേയം പാസാക്കിയിട്ട് മാസങ്ങളായെന്നും ചെന്നിത്തല പറഞ്ഞു.