life

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് ഫ്ലാറ്റ് നിർമ്മാണത്തിന് വിദേശസഹായം സ്വീകരിച്ചത് അനുമതിയില്ലാതെയാണെന്ന് കേന്ദ്ര വിദേശമന്ത്രാലയം പരസ്യമായി വ്യക്തമാക്കിയതോടെ ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ അടുത്ത് സ്വീകരിക്കുന്ന നടപടി എന്താകുമെന്ന് ഉറ്റുനോക്കുകയാണ് ഏവരും. ചട്ടം ലംഘിച്ച് 20 കോടി രൂപ വിദേശസഹായം വാങ്ങുകയും അതിൽ നാലേകാൽ കോടി കമ്മിഷൻ തട്ടുകയും ചെയ്തത് കേന്ദ്ര വിദേശ, ആഭ്യന്തര വകുപ്പുകളും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷിക്കുന്നുണ്ട്.

മുൻകൂർ അനുമതി വാങ്ങിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ സംസ്ഥാന സർക്കാർ വെട്ടിലായി. നടപടിക്രമങ്ങൾ പാലിക്കാത്ത സംസ്ഥാന നടപടിയിൽ കേന്ദ്രം അതൃപ്തി അറിയിക്കാനും സാദ്ധ്യതയുണ്ട്. ലൈഫ് ഇടപാടിൽ അഴിമതി കണ്ടെത്തിയതിനാൽ സി.ബി.ഐ അന്വേഷണത്തിനും ഉത്തരവിടാം. കരാറൊപ്പിട്ട ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുന്നതിനൊപ്പം പദ്ധതിയിലെ തുടർനടപടികൾക്ക് കേന്ദ്രത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്യാം. ഇതിലേത് നടപടി ഉണ്ടായാലും സംസ്ഥാന സർക്കാരിന് ക്ഷീണമാകും.

യു.എ.ഇ സർക്കാരിന്റെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് കേന്ദ്രാനുമതി ആവശ്യമില്ലെന്നും വിദേശ സർക്കാരുമായി കരാർ ഒപ്പിടുമ്പോൾ മാത്രമേ കേന്ദ്രാനുമതിയുടെ ആവശ്യമുള്ളൂവെന്ന് പറഞ്ഞാണ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധിക്കുന്നത്. കേന്ദ്രത്തെ അറിയിച്ചിട്ടില്ലെങ്കിൽ ഇനിയും അറിയിക്കാമെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാൽ, കേന്ദ്രാനുമതിയില്ലാതെ പദ്ധതി നടത്തിയത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് വിശദീകരിക്കേണ്ടി വരും.

ലൈഫ് മിഷൻ പദ്ധതിയിൽ ആദ്യമുണ്ടായിരുന്ന ഹാബിറ്റാറ്റ് സമർപ്പിച്ച പ്ലാനിന് നഗരസഭ നൽകിയ അനുമതി ഉപയോഗിച്ചാണ് യൂണിടാക് നിർമാണം നടത്തിയത്. ഹാബിറ്റാറ്റ്, ലൈഫ് മിഷനു വേണ്ടി നൽകിയ 203 ഫ്ളാറ്റുകളുടെ പ്ലാനിനായിരുന്നു നഗരസഭയുടെ അനുമതി. എന്നാൽ പിന്നീടെത്തിയ യൂണിടാക് തയാറാക്കിയ 140 ഫ്ളാറ്റുകളുടെയും ആശുപത്രിയുടെയും പുതിയ പ്ലാനിന് അനുമതിയില്ലെന്ന് ലൈഫ് മിഷൻ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇതു പിന്നീട് ക്രമപ്പെടുത്തിയെടുക്കാവുന്നതേയുള്ളൂവെന്നാണ് ലൈഫ് മിഷൻ പറയുന്നത്. ഹാബിറ്റാറ്റിനെ ഒഴിവാക്കിയതിന് പിന്നാലെ യൂണിടാക് പദ്ധതിയിലേക്കെത്തുകയും ചെയ്തു. നിർമാണം പൂർത്തിയായ ശേഷം കേരള മുനിസിപ്പൽ ബിൽഡിംഗ് റെഗുലേഷൻ റൂൾ പ്രകാരം ക്രമപ്പെടുത്തുമെന്നാണ് വിശദീകരണം.