ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും 75,000ത്തലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 77,266 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 33,87,500 ആയി. രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയ്‌ക്കും ബ്രസീലിനും പിന്നാലെ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം.
1057 മരണം കൂടി രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ കൊവിഡ് മരണം 61,529 ആയി. 76.28 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 60,177 പേർ കൂടി 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കിൽ പറയുന്നത്. ഇതുവരെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 25,83,948 ആയി ഉയർന്നു.
മഹാരാഷ്ട്രയിലും ആന്ധ്രയിലും ഉയർന്ന പ്രതിദിന വർദ്ധന തുടരുകയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 14,857 പേർക്കാണ് കൊവിഡ് ബാധിച്ചത്. പഞ്ചാബിൽ ഇന്ന് ഒരു ദിവസത്തെ നിയമസഭാ സമ്മേളനം നടക്കാനിരിക്കെ ഇന്നലെ ആറ് എം.എൽ.എമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 1746 പേരാണ് പഞ്ചാബിൽ രോഗബാധിതർ ആയത്. ഡൽഹിയിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. 1840 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത്.