cinema

കൊവിഡിന്റെ പശ്ചാത്തലത്തിൽ മാനസിക സംഘ‌ർഷങ്ങളിലൂടെയാണ് നാമോരോരുത്തരും ഇപ്പോൾ കടന്നുപോകുന്നത്. ഈ സമയത്ത് അൽപം വിനോദമൊക്കെ അത്യാവശ്യമാണ്. അതിലൊന്നാണ് സിനിമ കാണൽ. തീയേറ്ററുകളൊക്കെ അടച്ചതിനാൽ വീട് തന്നെ തീയേറ്ററാക്കുകയാണ് പലരും. കൊവിഡ് കാലത്ത് കാണേണ്ട സിനിമകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് യുഎന്‍ ദുരന്തനിവാരണ തലവന്‍ മുരളി തുമ്മാരുകുടി.

സിനിമ പോസിറ്റീവ് സ്പിരിറ്റിൽ ഉള്ളതായിരിക്കണം എന്നും, ട്രാജഡിയോ മനുഷ്യനെ ടെൻഷൻ അടിപ്പിക്കുന്നതോ ആകാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.മാനസികാരോഗ്യം നന്നായി സംരക്ഷിക്കണമെന്നുളളവർക്ക് സിനിമ കാണൽ പരിപാടി വീടുകളിൽ നടത്തി നോക്കാവുന്നതാണെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കൊറോണക്കാലത്ത് കാണേണ്ട സിനിമകൾ...

കൊറോണക്കാലത്ത് അനവധി നല്ല സിനിമകൾ കാണാനുള്ള അവസരമുണ്ടായി.

എല്ലാ വെള്ളിയും ശനിയും വൈകുന്നേരം ഒരു സിനിമ വീതം കാണാമെന്ന് വീട്ടിൽ എല്ലാവരും കൂടി തീരുമാനിച്ചു. രാത്രി പത്തു മണിക്ക് ഷോ തുടങ്ങുന്നതിന് മുൻപ് എല്ലാവരും ജോലിയും അത്താഴവും തീർക്കണം, അതാണ് ഒന്നാമത്തെ കണ്ടീഷൻ.
ആരും ഇടയ്‌ക്ക് മുങ്ങാൻ പാടില്ല എന്നത് രണ്ടാമത്തെ കണ്ടീഷൻ. സിനിമ പോസിറ്റീവ് സ്പിരിറ്റിൽ ഉള്ളതായിരിക്കണം എന്നതാണ് മൂന്നാമത്തേതും ഏറ്റവും പ്രധാനവുമായ കണ്ടീഷൻ. ട്രാജഡിയോ മനുഷ്യനെ ടെൻഷൻ അടിപ്പിക്കുന്നതോ ആകാൻ പാടില്ല. കണ്ട ചില സിനിമകളുടെ പേര് പറയാം, ഒരു ഐഡിയ കിട്ടാൻ വേണ്ടി മാത്രം.

1. Invictus 2. Rush 3. Death at a Funeral (UK Version) 4. Grand Budapest Hotel ഇത്തരത്തിൽ കണ്ടു കഴിയുന്പോൾ മനസ്സിന് സന്തോഷമുണ്ടാക്കുന്ന തരം സിനിമകൾ നിങ്ങളും നിർദേശിക്കണം. കൊറോണക്കാലം നമ്മുടെ കൂടെത്തന്നെയുണ്ട്, സിനിമാ തീയേറ്ററുകൾ അടുത്തൊന്നും തുറക്കുന്ന ലക്ഷണവും ഇല്ല. ഇക്കാലത്ത് മാനസികാരോഗ്യം നന്നായി സംരക്ഷിക്കണമെന്നുളളവർക്ക് ഈ സിനിമാ പരിപാടി വീടുകളിൽ നടത്തി നോക്കാവുന്നതാണ്. കുറച്ചു പോപ് കോൺ കൂടി ആയാൽ പൊളിക്കും. മുരളി തുമ്മാരുകുടി