ക്യാപ്ടൻ കൂൾ എന്ന് മഹേന്ദ്രസിംഗ് ധോണിയെ വിശേഷിപ്പിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് ഒാർമ്മവരിക ഞാൻ നേരിട്ടുകണ്ടിട്ടുള്ള വോളിബാളിലെ ക്യാപ്ടൻ കൂൾ ജോബി ജോസഫിനെയാണ്.ഞാനൊക്കെ കളിക്കളത്തിൽ ശബ്ദമുയർത്തി ആവേശംകൊളളുന്ന ശൈലിയുടെ ആളുകളാണ്.എന്നാൽ ഒരു ബഹളവുമില്ലാതെ ജോബി ജോസഫ് കോർട്ടിൽ സഹകളിക്കാരെ പ്രചോദിപ്പികുയും ആവേശത്തിന്റെ അലയൊലികൾ തീർക്കുകയും ചെയ്തിട്ടുണ്ട്. കോർട്ടിൽ ഇത്രയും ജെന്റിൽമാനായ ഒരു കളിക്കാരനെ കാണാൻ കഴിയില്ല.
ഇന്ത്യയ്ക്ക് വേണ്ടി ഒട്ടേറെ മത്സരങ്ങളിൽ കളിക്കുകയും നയിക്കുകയും ചെയ്ത ജോബി ജോസഫ് വോളിബാളിന്റെ ഉയർന്ന നിലവാരത്തെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്ന കളിക്കാരനായിരുന്നു. അറ്റാക്കർ പൊസിഷനിൽ കളിക്കുമ്പോഴും കോർട്ടിൽ എന്താണ് ചെയ്യേണ്ടത് എന്ന് ഏറ്റവും വേഗത്തിൽ തിരിച്ചറിഞ്ഞ് അതിലും വേഗത്തിൽ അത് നടപ്പാക്കുന്ന കളിക്കാരൻ. അതുതന്നെയാണ് അദ്ദേഹത്തിലെ നായകന്റെ പ്ളസ് പോയിന്റും.
കളിയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ടീമംഗങ്ങളിലേക്ക് പകരാനും ഓരോരുത്തരുടെയും കഴിവും ദൗർബല്യങ്ങളും തിരിച്ചറിഞ്ഞ് മാർഗനിർദ്ദേശങ്ങൾ നൽകാനും ജോബി ജോസഫിലെ ക്യാപ്ടന് പ്രത്യേക പ്രാവീണ്യമുണ്ടായിരുന്നു. വേണ്ടത് വേണ്ട സമയത്ത് ചെയ്ത് ടീമിന്റെ നട്ടെല്ലായി മാറിയ അദ്ദേഹത്തിന്റെ മികവ് മറ്റ് താരങ്ങൾക്ക് പാഠമാണ്. ഒരു പതിറ്റാണ്ടോളം ഇന്ത്യൻ വോളിബാളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ഒരു മത്സരത്തിൽപ്പോലും അദ്ദേഹത്തെ ബെഞ്ചിലിരുത്തേണ്ട അവസ്ഥയുണ്ടായിട്ടുമില്ല. പരിക്ക് ഇടങ്കോലിട്ടില്ലായിരുന്നെങ്കിൽ കുറച്ചുകാലംകൂടി അദ്ദേഹത്തിന് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ കഴിയുമായിരുന്നു.
ഇന്ത്യൻ വോളിബാളിന് കേരളം സംഭാവനചെയ്ത മിസ്റ്റർ ഡിപ്പൻഡബിൾ,മിസ്റ്റർ കൂൾ, ജെന്റിൽമാൻ ജോബി ജോസഫിന് കേരളകൗമുദി കായിക പുരസ്കാരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.
ജോബി ജോസഫിന്റെ നേട്ടങ്ങൾ
1.1993ൽ ഇന്ത്യൻ ജൂനിയർ ടീമിൽ അംഗമായതാണ് ജോബി ജോസഫ്, അടുത്തവർഷം ഡൽഹിയിൽ നടന്ന ശിവന്തി ഗോൾഡ് കപ്പിൽ ക്യാപ്ടനായി.ഇതേവർഷം ജൂനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പും കളിച്ചു. ദോഹയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വൻകരയിലെ ബെസ്റ്റ് ജൂനിയർ അറ്റാക്കറായി.
2. പിന്നാലെ ഇന്ത്യൻ സീനിയർ ടീമിലേക്ക്. വർഷങ്ങളോളം മെയിൻ സിക്സിസിൽ സ്ഥിരം സാന്നിദ്ധ്യം.
3. 1997ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പ്,98ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസ്,2002 ഏഷ്യൻ ഗെയിംസ് ,വിവിധ സാഫ് ഗെയിംസുകൾ, ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരങ്ങൾ എന്നിവയിൽ പങ്കെടുത്ത് 2005ൽ വിരമിച്ചു.
4. ഖത്തർ,കുവൈറ്റ് എന്നിവിടങ്ങളിലെ പ്രൊഫഷണൽ ലീഗ് ക്ളബുകളായ അൽ റയാൻ,അൽ അലി,അൽ ഖ്വാദിസിയ തുടങ്ങിവയ്ക്ക് വേണ്ടിയും പലതവണ കളത്തിലിറങ്ങി.
4.കൊച്ചിൻ പോർട്ട് ട്രസ്റ്റ്,ഐ.ഒ.ബി എന്നിവിടങ്ങളിലായി പ്രൊഫഷണൽ കരിയർ. ദേശീയ ഗെയിംസിലും ദേശീയ ചാമ്പ്യൻഷിപ്പുകളിലും മെഡൽ. ഇപ്പോൾ ഇന്ത്യൻ ഓവർസീസ് ബാങ്ക് തൃക്കരിപ്പൂർ ശാഖയിൽ സീനിയർ മാനേജർ.